എഡ്മന്റൺ: ഡോ. മാർക്ക് ജോഫെ ഈ ആഴ്ച ആദ്യം സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ഡോ. സുനിൽ സൂക്രമിനെ ആൽബർട്ടയുടെ ഇടക്കാല ചീഫ് മെഡിക്കൽ ഓഫീസറായി നിയമിച്ചു. നിയമനം ഉടൻ പ്രാബല്യത്തിൽ വന്നു. സ്ഥിരം സ്ഥാനാർത്ഥിക്കായുള്ള തിരച്ചിൽ തുടരുമ്പോൾ പൊതുജനാരോഗ്യ നേതൃത്വത്തിൽ തുടർച്ചയുണ്ടാകുമെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു.
നിലവിൽ സ്ട്രാത്‌കോണ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ ഫെസിലിറ്റി മെഡിക്കൽ ഡയറക്ടറും, മെഡിക്കൽ സ്റ്റാഫ് മേധാവിയുമായി സേവനമനുഷ്ഠിക്കുകയാണ് ഡോ. സൂക്രം. കൂടാതെ, ആൽബർട്ട യൂണിവേഴ്സിറ്റിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ക്ലിനിക്കൽ പ്രൊഫസറും, യു ഓഫ് എ ഹോസ്പിറ്റലിലെ എമർജൻസി ഫിസിഷ്യനുമാണ് അദ്ദേഹം. ഈ അനുഭവപരിചയം അദ്ദേഹത്തെ ഈ താൽക്കാലിക പദവിക്ക് അർഹനാക്കുന്നു.
ഡോ. സൂക്രമിന്റെ അടിയന്തര വൈദ്യശാസ്ത്ര രംഗത്തെയും, പൊതുസേവന രംഗത്തെയും അർപ്പണബോധത്തെ ആരോഗ്യമന്ത്രി അഡ്രിയാന ലഗ്രാഞ്ച് പ്രശംസിച്ചു. ഈ പദവി ഏറ്റെടുക്കാൻ തയ്യാറായ അദ്ദേഹത്തിന് മന്ത്രി നന്ദി അറിയിച്ചു. ആൽബർട്ടയിൽ മീസിൽസ് രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ശക്തമായ പൊതുജനാരോഗ്യ നേതൃത്വം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ഡോക്ടർ സുനിൽ സൂക്രമിന്റെ നിയമനം.
പുതിയ പദവിയിൽ, ഡോ. സൂക്രം രോഗ നിയന്ത്രണത്തിനും, ജനസംഖ്യാ ആരോഗ്യ തന്ത്രങ്ങൾക്കും സർക്കാരിന് ഉപദേശം നൽകും. കൂടാതെ ആൽബർട്ട ഹെൽത്തും, ആൽബർട്ട ഹെൽത്ത് സർവീസസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും അദ്ദേഹം ശ്രമിക്കും. “സേവനമനുഷ്ഠിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്. എല്ലാ ആൽബർട്ടക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ, സഹപ്രവർത്തകർ, ആരോഗ്യ പങ്കാളികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ഡോ. സൂക്രം പറഞ്ഞു.



