മോൺട്രിയൽ: ഒന്റാരിയോ, ക്യുബെക്ക് പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റോടുകൂടി കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന ഈ മോശം കാലാവസ്ഥയിൽ ചിലയിടങ്ങളിൽ 60 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. ശക്തമായ ന്യൂനമർദ്ദമാണ് ഒന്റാരിയോയുടെ കിഴക്കൻ ഭാഗങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും കാരണമാകുന്നത്. പ്രവിശ്യയിലെ എൻവയോൺമെന്റ് കാനഡയാണ് ഈ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത്.
ഒന്റാരിയോയിലെ കിംഗ്സ്റ്റൺ, പീറ്റർബറോ, പിക്ടൺ, പാരി സൗണ്ട്, ഹാലിബർട്ടൺ തുടങ്ങിയ പ്രദേശങ്ങളിൽ 40 മുതൽ 60 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞും വൈകുന്നേരവുമായി ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടാമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഈ കാലാവസ്ഥ മാറിമറിയും.
ക്യുബെക്കിൽ നിലനിൽക്കുന്ന പ്രത്യേക കാലാവസ്ഥാ സാഹചര്യവും ന്യൂനമർദ്ദവും കാരണം പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ബോയിസ്-ഫ്രാങ്ക്സ്, ഈസ്റ്റേൺ ടൗൺഷിപ്പ് മേഖലകളിൽ 30 മുതൽ 50 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ബുധനാഴ്ച രാത്രി വൈകിയോ വ്യാഴാഴ്ച പുലർച്ചെയോ മാത്രമേ ഈ മോശം കാലാവസ്ഥ പൂർണ്ണമായി മാറുകയുള്ളൂ.
Also Read: എക്സ്പ്രസ് എൻട്രി PNP ഡ്രോ: 2026 ഒക്ടോബർ 13-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
മോൺട്രിയൽ, വോഡ്രിയുയിൽ, മോണ്ടെറെഗി പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ 40 മുതൽ 60 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് പ്രവിശ്യകളിൽ അധികൃതർ പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാരും കാൽനടയാത്രക്കാരും അതീവ ശ്രദ്ധ പുലർത്തണം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ തുടർന്നുള്ള അറിയിപ്പുകൾ അനുസരിച്ച് ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





