ഒട്ടാവ : ഒട്ടാവയിലെ പൊതുഗതാഗത സംവിധാനമായ OC ട്രാൻസ്പോയും പാരാ ട്രാൻസ്പോയും മെയ് 3, 4 തീയതികളിൽ എല്ലാ യാത്രക്കാർക്കും സൗജന്യ സേവനം നൽകുമെന്ന് പ്രഖ്യാപിച്ചു. ട്രില്ലിയം ലൈൻ (ലൈൻ 2) പുനരാരംഭിക്കുന്നതിന്റെയും “New Ways to Bus” എന്ന പുതിയ സേവന പരിഷ്കരണത്തിന്റെയും ഭാഗമായാണ് ഈ പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ഏപ്രിൽ 27 മുതൽ നടപ്പിലാക്കുന്ന ബസ് ശൃംഖലാ പരിഷ്കരണം ഒട്ടാവയിലെ ഏകദേശം എല്ലാ റൂട്ടുകളെയും ബാധിക്കും. ബജറ്റ് പരിമിതികൾ കാരണം ആകെ സർവീസുകളിൽ 3.5% കുറവ് വരുമെങ്കിലും, വിപുലീകരിച്ച നോർത്ത്-സൗത്ത് റെയിൽ ലൈനുകളെ പിന്തുണയ്ക്കുന്ന തരത്തിലാണ് പുതിയ ക്രമീകരണം.
“ഞങ്ങളുടെ സ്ഥിരം യാത്രക്കാരെ അഭിനന്ദിക്കുന്നതിനും പുതിയ സേവനങ്ങളെ പരിചയപ്പെടുത്തുന്നതിനുമുള്ള ഒരു അവസരമാണ് ഈ സൗജന്യ യാത്രാ ദിനങ്ങൾ,” എന്നും “പുതിയ ലൈൻ 2 ഉൾപ്പെടെയുള്ള ഞങ്ങളുടെ വിപുലീകരിച്ച സേവനങ്ങൾ പരീക്ഷിക്കാനും ആസ്വദിക്കാനും എല്ലാവരെയും ക്ഷണിക്കുന്നു.”എന്ന് OC ട്രാൻസ്പോയുടെ ജനറൽ മാനേജർ പറഞ്ഞു.
എന്നാൽ, ശനിയാഴ്ച ഏത് സമയം മുതലാണ് സൗജന്യ സേവനം ആരംഭിക്കുന്നതെന്ന് ഔദ്യോഗിക മെമ്മോയിൽ വ്യക്തമാക്കിയിട്ടില്ല. കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാരോട് OC ട്രാൻസ്പോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.



