ഓട്ടവ: ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിന് പിന്നാലെ നൽകിയ അനുശോചന സന്ദേശത്തിൽ ഫ്രഞ്ച് ഭാഷ അവഗണിച്ച എയർ കാനഡ സിഇഒ മൈക്കൽ റൂസോയ്ക്കെതിരെ കാനഡ ഭാഷാ കമ്മീഷണർ കെല്ലി ബർക്ക് രംഗത്തെത്തി. ഇംഗ്ലീഷിൽ മാത്രം തയ്യാറാക്കിയ നാല് മിനിറ്റുള്ള വീഡിയോയിൽ ‘ബോൺജോർ’, ‘മെർസി’ എന്നീ രണ്ട് ഫ്രഞ്ച് വാക്കുകൾ മാത്രമാണ് റൂസോ ഉപയോഗിച്ചത്. രാജ്യത്ത് രണ്ട് ഭാഷാ നയം നിലനിൽക്കെ, പ്രധാന തസ്തികകളിലിരിക്കുന്ന നേതാക്കൾ രണ്ട് ഔദ്യോഗിക ഭാഷകളും നിർബന്ധമായും അറിഞ്ഞിരിക്കണമെന്ന് കമ്മീഷണറുടെ വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മാർച്ച് 22-ന് മോൺട്രിയലിൽ നിന്ന് പറന്നുയർന്ന എയർ കാനഡ വിമാനം ന്യൂയോർക്കിൽ വെച്ച് ഫയർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് പൈലറ്റുമാർ മരിക്കുകയും 40-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെ പുറത്തുവിട്ട നാല് മിനിറ്റ് വീഡിയോയിലാണ് ഫ്രഞ്ച് ഭാഷ ഒഴിവാക്കിയത്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ നേതാക്കൾ രണ്ട് ഔദ്യോഗിക ഭാഷകളിലും കാര്യങ്ങൾ വിശദീകരിക്കണമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
സിഇഒയുടെ നിലപാടിനെതിരെ ജനങ്ങളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ ഇതുവരെ 2,400-ലധികം പരാതികൾ ലഭിച്ചതായി കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. ഭാഷാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ജനങ്ങൾ എത്രത്തോളം ആഗ്രഹിക്കുന്നുവെന്നാണ് ഈ പ്രതിഷേധം കാണിക്കുന്നതെന്ന് കമ്മീഷണർ പറഞ്ഞു. പരാതികളിൽ നിലവിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.
വിവാദത്തിന് പിന്നാലെ എയർ കാനഡയുടെ ഡയറക്ടർ ബോർഡ് പ്രധാന തീരുമാനം എടുത്തു. ഈ വർഷം അവസാനത്തോടെ സിഇഒ മൈക്കൽ റൂസോ സ്ഥാനമൊഴിയും. ഇനി വരാനിരിക്കുന്ന പുതിയ മേധാവിക്ക് ഫ്രഞ്ച് ഭാഷയിൽ സംസാരിക്കാനുള്ള കഴിവ് നിർബന്ധമാക്കുമെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു.
എന്നാൽ, സർക്കാരിന്റെ ചെലവ് ചുരുക്കൽ ഭാഷാ സംരക്ഷ പദ്ധതികളെ ബാധിക്കുമോ എന്ന് 31 പേജുള്ള വാർഷിക റിപ്പോർട്ട് ആശങ്ക പങ്കുവെക്കുന്നുണ്ട്. ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് ചുരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങൾ ഭാഷാ അവകാശങ്ങളെ ബാധിക്കരുതെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.
ALSO READ: ‘യുദ്ധത്തിന് റെഡിയായിക്കൊള്ളൂ’; ഇറാനെതിരായ സൈനിക നടപടികൾ അമേരിക്ക ചർച്ച ചെയ്തതായി റിപ്പോർട്ട്
AI ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന തടസ്സങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇന്റർനെറ്റിൽ ഇംഗ്ലീഷ് ഭാഷയ്ക്കുള്ള വലിയ സ്വാധീനം കാരണം AI സംവിധാനങ്ങൾ ഇംഗ്ലീഷിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് സർക്കാരിന്റെ എല്ലാ നയങ്ങളിലും പദ്ധതികളിലും രണ്ട് ഔദ്യോഗിക ഭാഷകൾക്കും തുല്യ പരിഗണന നൽകണമെന്ന് കമ്മീഷണർ നിർദ്ദേശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





