ഓട്ടവ: ഓട്ടവയിൽ കാറുകളിൽ നിന്നുള്ള മോഷണം വർധിക്കുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ജൂലൈ മാസത്തിനു ശേഷം വാഹനങ്ങളിൽ നിന്നുള്ള മോഷണങ്ങളിൽ 35 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാറുകൾ ലോക്ക് ചെയ്യാനും വിലപിടിപ്പുള്ള വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കാതിരിക്കാനും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ഓട്ടവ പൊലീസ് നിർദ്ദേശം നൽകി.
ഈ വർഷം ജൂലൈ 1 നും സെപ്റ്റംബർ 30 നും ഇടയിൽ 1,140 മോഷണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 844 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നുവെന്ന് പൊലീസ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം, മൊത്തത്തിലുള്ള വാഹന മോഷണങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പൂട്ടിയിടാത്ത കാറുകളുടെ ഡോർ ഹാൻഡിലുകൾ പരിശോധിച്ചാണ് മിക്ക മോഷണങ്ങളും നടത്തുന്നതെന്ന് പൊലീസ് ചൂണ്ടിക്കാണിക്കുന്നു. പേഴ്സുകൾ, ക്രെഡിറ്റ് കാർഡുകൾ, പണം, സൺഗ്ലാസുകൾ, ടൂളുകൾ തുടങ്ങിയവയാണ് വാഹനങ്ങളിൽ നിന്ന് കൂടുതലായി നഷ്ടപ്പെടുന്നത്. കാറുകളിൽ സൂക്ഷിച്ചിരുന്ന ഗാരേജ് ഡോർ ഓപ്പണറുകൾ മോഷ്ടിച്ച് വീടുകളിൽ അതിക്രമിച്ചു കയറിയുള്ള മോഷണങ്ങളും നടന്നിട്ടുണ്ട്.
ഇത്തരം കുറ്റകൃത്യങ്ങൾ വലിയൊരു പരിധി വരെ തടയാൻ സാധിക്കുമെന്ന് ഓട്ടവ പൊലീസ് സർവീസ് വെസ്റ്റ് ഡിസ്ട്രിക്റ്റ് ഇൻസ്പെക്ടർ ഇയാൻ ഹെയ്സ് പറഞ്ഞു. വാഹനം ലോക്ക് ചെയ്യാനും വിലപിടിപ്പുള്ള വസ്തുക്കൾ മാറ്റാനും എടുക്കുന്ന ഏതാനും നിമിഷങ്ങൾ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഹനങ്ങളുടെ ഡോറുകളും ജനലുകളും എപ്പോഴും പൂട്ടിയിടുക, വിലപിടിപ്പുള്ള വസ്തുക്കൾ പുറത്ത് കാണാത്ത രീതിയിൽ സൂക്ഷിക്കുക, ഗാരേജ് ഡോർ ഓപ്പണറുകൾ കാറുകളിൽ വെക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





