ആഗോള കാലാവസ്ഥയിൽ വൻ വ്യതിയാനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ചരിത്രത്തിലെ ഏറ്റവും തീവ്രമായ ‘സൂപ്പർ എൽ നിനോ’ പ്രതിഭാസം ശക്തിപ്രാപിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വരൾച്ചയ്ക്കും പ്രളയത്തിനും കൊടുങ്കാറ്റുകൾക്കും കാരണമാകുന്ന ഈ പ്രതിഭാസം, കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലെ വിഖ്യാതമായ ശരത്കാല ഇലകളുടെ വർണ്ണവിന്യാസത്തെയും (Fall Foliage) സ്വാധീനിക്കുന്നു. എൽ നിനോയുടെ ഫലമായി സാധാരണയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുന്നതിനാൽ, മരങ്ങളിലെ ഇലകൾ മഞ്ഞയും ചുവപ്പും ഓറഞ്ചും നിറങ്ങളിലേക്ക് മാറുന്ന പ്രതിഭാസം ഇത്തവണ ഏതാനും ആഴ്ചകൾ വൈകുമെന്നാണ് കാലാവസ്ഥാ-പരിസ്ഥിതി വിദഗ്ധർ വിലയിരുത്തുന്നത്. എങ്കിലും കാഴ്ചക്കാരുടെ മനംകവരുന്ന പ്രകൃതിദൃശ്യങ്ങൾക്ക് ഒട്ടും മങ്ങലേൽക്കില്ലെന്ന് വിദഗ്ദ്ധർ ഉറപ്പുനൽകുന്നു.
തണുപ്പേറിയ രാത്രികളാണ് ഇലകളുടെ വർണ്ണമാറ്റത്തിന് പ്രധാന പ്രേരകമാകുന്നത്. ക്ലോറോഫിൽ കുറയുമ്പോൾ ഇലകളിലെ കരോട്ടിനോയിഡ് പോലുള്ള മഞ്ഞ, ഓറഞ്ച് വർണ്ണകങ്ങൾ തെളിയുകയും, അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണം നൽകാൻ മരങ്ങൾ ആന്തോസയാനിൻ ഉത്പാദിപ്പിക്കുന്നതോടെ ചുവപ്പും ധൂമ്രവർണ്ണവും പ്രകടമാവുകയും ചെയ്യുന്നു. പകൽവെളിച്ചവും രാത്രിയിലെ ശൈത്യവും ഒത്തുചേരുമ്പോഴാണ് ഈ നിറങ്ങൾ ഏറ്റവും തിളക്കമുള്ളതാകുന്നത്. എന്നാൽ എൽ നിനോ വരുത്തുന്ന ഊഷ്മാവിന്റെ വർദ്ധനവ് കാരണം ഈ പ്രക്രിയ അല്പം മന്ദഗതിയിലാവുകയോ ദീർഘനേരം നീണ്ടുനിൽക്കുകയോ ചെയ്തേക്കാം. കഴിഞ്ഞ വർഷം കടുത്ത വേനലും മഴക്കുറവും കാരണം ഇലകൾ വേഗത്തിൽ വാടിപ്പോയെങ്കിൽ, ഇത്തവണ ആവശ്യത്തിന് വേനൽമഴ ലഭിച്ചതിനാൽ മരങ്ങൾ പൂർണ്ണ ആരോഗ്യത്തോടെയാണ് നിൽക്കുന്നതെന്ന് ഹാമിൽട്ടണിലെ മക്മാസ്റ്റർ സർവകലാശാലയിലെ ബയോളജി പ്രൊഫസർ സൂസൻ ഡഡ്ലി ചൂണ്ടിക്കാട്ടുന്നു.
സാധാരണയായി സെപ്റ്റംബർ പകുതി മുതൽ ഒക്ടോബർ അവസാനം വരെ നീളുന്ന ഈ വർണ്ണവിസ്മയം വടക്കൻ മേഖലകളിൽ നിന്നാരംഭിച്ച് മസ്കോക വഴി സെൻട്രൽ ഒന്റാറിയോയിലേക്കും ഗ്രേറ്റർ ടൊറന്റോയിലേക്കും ഘട്ടംഘട്ടമായാണ് പടരുന്നത്. അൽഗോൺക്വിൻ പ്രൊവിൻഷ്യൽ പാർക്കിൽ ഷുഗർ, റെഡ് മേപ്പിൾ മരങ്ങൾ ഇപ്പോൾത്തന്നെ മനോഹരമായ നിറങ്ങളണിഞ്ഞു കഴിഞ്ഞു. വേനലിന്റെയും ശരത്കാലത്തിന്റെയും തുടക്കത്തിൽ അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപപ്പെടാറുള്ള ചുഴലിക്കാറ്റുകൾ സാധാരണയായി ഇലകൾ കൊഴിയാൻ കാരണമാകാറുണ്ടെങ്കിലും, എൽ നിനോ മൂലം ഇത്തവണ അത്തരം ചുഴലിക്കാറ്റുകൾ ഗണ്യമായി കുറഞ്ഞത് വലിയൊരു ആശ്വാസമാണ്. കഠിനമായ തണുപ്പില്ലാതെ തന്നെ തെളിഞ്ഞ കാലാവസ്ഥയിൽ സുഖകരമായി പ്രകൃതിഭംഗി ആസ്വദിക്കാൻ ഇത്തവണത്തെ മിതമായ താപനില സഞ്ചാരികൾക്ക് അനുകൂലമായ അവസരമൊരുക്കുമെന്ന് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയിലെ ക്ലൈമറ്റോളജിസ്റ്റ് ഡേവിഡ് ഫിലിപ്സ് നിരീക്ഷിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





