ലെത്‌ബ്രിഡ്ജ്: ഭീകരവാദ പ്രവർത്തനങ്ങൾ, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ, മൃഗപീഡനം എന്നിവയിൽ പങ്കാളിയായ 17 വയസ്സുകാരനെ കാനഡയിൽ പോലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ആൽബർട്ടയിലെ ലെത്‌ബ്രിഡ്ജ് സ്വദേശിയായ കൗമാരക്കാരനെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ (ആർ.സി.എം.പി) പ്രത്യേക സുരക്ഷാ സംഘമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കുട്ടികളെ ആകർഷിച്ച് സ്വയം പരിക്കേൽപ്പിക്കാനും ലൈംഗിക അതിക്രമങ്ങൾക്കും മൃഗങ്ങളെ ഉപദ്രവിക്കാനും പ്രേരിപ്പിക്കുന്ന ‘764’ എന്ന ക്രൂരമായ ഓൺലൈൻ സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ഡിസംബറിലാണ് കാനഡ സർക്കാർ ഈ ഗ്രൂപ്പിനെ ഭീകരവാദ പട്ടികയിൽപ്പെടുത്തിയത്. ഡിസ്‌കോർഡ് ആപ്പ് വഴിയുള്ള സംശയാസ്പദമായ ഇടപാടുകൾ ലെത്‌ബ്രിഡ്ജ് പോലീസ് കണ്ടെത്തുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ കുറ്റം തെളിയുകയുമായിരുന്നു.
ALSO READ ; വാൻകൂവർ തീരത്ത് വീണ്ടും ഭൂചലനം: സുനാമി ഭീഷണിയില്ല, ആശങ്ക വേണ്ടെന്ന് അധികൃതർ
ഭീകരവാദ ഗ്രൂപ്പിൽ പ്രവർത്തിച്ചു, അതിക്രമങ്ങൾക്ക് സഹായം ചെയ്തു, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു, മൃഗങ്ങളെ ഉപദ്രവിച്ചു തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒക്ടോബർ 14-ന് പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇത്തരം ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചോ സുരക്ഷാ ഭീഷണികളെക്കുറിച്ചോ വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





