ഓട്ടവ: കാർണി സർക്കാർ അവതരിപ്പിച്ച പുതിയ ബിൽ C-39 തൊഴിലാളി യൂണിയനുകളുടെ അധികാരം കുറയ്ക്കില്ലെന്നും, മറിച്ച് തർക്കപരിഹാരത്തിന് കൂടുതൽ പ്രയോജനകരമായ പുതിയ വഴികൾ നൽകുമെന്നും ഫെഡറൽ തൊഴിൽ മന്ത്രി പാറ്റി ഹജ്ദു വ്യക്തമാക്കി. പ്രമുഖ ദേശീയ പദ്ധതികൾ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ചയാണ് ഫെഡറൽ സർക്കാർ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. കാനഡ ലേബർ കോഡിലെ വിവാദപരമായ സെക്ഷൻ 107 ഭേദഗതി ചെയ്യാനാണ് ഈ പുതിയ നിയമനിർദേശം പ്രധാനമായും ലക്ഷ്യമിടുന്നത്. തൊഴിൽ തർക്കങ്ങൾ വളരെ വ്യക്തതയോടെയും വേഗത്തിലും പരിഹരിക്കാൻ ഇരുപക്ഷങ്ങൾക്കും പുതിയ സംവിധാനം സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായമേഖലയിൽ പ്രശ്നങ്ങളില്ലാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ തൊഴിൽ മന്ത്രിക്ക് വലിയ അധികാരങ്ങൾ നൽകുന്ന നിയമമാണ് ലേബർ കോഡിലെ സെക്ഷൻ 107. മുൻപ് തൊഴിലാളി പണിമുടക്കുകൾ അവസാനിപ്പിക്കാനും നിർബന്ധമായി ചർച്ചകൾ നടത്തിച്ച് പ്രശ്നം തീർക്കാനും സർക്കാർ ഈ നിയമം ധാരാളമായി ഉപയോഗിച്ചിരുന്നു. എന്നാൽ പുതിയ ബിൽ അനുസരിച്ച്, തൊഴിൽ തർക്കങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 21 ദിവസത്തേക്ക് ഒരു പ്രത്യേക മധ്യസ്ഥനെ സർക്കാരിന് നിയമിക്കാം. ഈ റിപ്പോർട്ട് പുറത്തുവരുന്നത് തൊഴിലുടമകൾക്ക് മുന്നിൽ സ്വന്തം ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കാൻ യൂണിയനുകൾക്ക് കൂടുതൽ കരുത്താകുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.
അതേസമയം, പുതിയ ബില്ലിനെതിരെ കാനഡയിലെ വിവിധ തൊഴിലാളി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുമായി ആലോചിക്കാതെ കൊണ്ടുവന്ന ഭേദഗതികൾ പണിമുടക്കാനുള്ള തൊഴിലാളികളുടെ ഭരണഘടനാപരമായ അവകാശത്തെ ദുർബലപ്പെടുത്തുമെന്ന് കനേഡിയൻ ലേബർ കോൺഗ്രസ് ആരോപിച്ചു. പ്രമേയം ഭേദഗതി ചെയ്യാതെ മുന്നോട്ടുപോയാൽ ബിൽ അംഗീകരിക്കില്ലെന്ന് കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസും വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിലാളി യൂണിയനുകൾക്ക് പുറമെ കാനഡയിലെ പരമ്പരാഗത പ്രാദേശിക ജനവിഭാഗങ്ങളും ഈ ബില്ലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പുതിയ പദ്ധതികൾക്കുള്ള ഫെഡറൽ സർക്കാരിന്റെ പരിശോധനകൾ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന നിബന്ധന തങ്ങളുടെ ഭൂമിയെയും അധികാരങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസ് വ്യക്തമാക്കുന്നു. ആവശ്യത്തിന് ചർച്ചകൾ നടത്താതെ അവശ്യ പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകുന്നത് പ്രാദേശികവാസികളുടെ ജീവിതത്തിന് ഭീഷണിയാകുമെന്നാണ് ഇവരുടെ നിലപാട്.
Also Read: AAIP Draw: 2026 സെപ്റ്റംബർ 10 മുതൽ 23 വരെ നടന്ന 6 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ അറിയാം
പൊതുജനങ്ങളിൽ നിന്നും യൂണിയനുകളിൽ നിന്നും പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ബിൽ വിശദമായി പഠിക്കാൻ കാർണി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പാർലമെന്റിൽ ഒരു പ്രത്യേക ലജിസ്ലേറ്റീവ് കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം. കാനഡയുടെ ഭാവി വികസനത്തെ ബാധിക്കുന്ന പ്രധാന വിഷയമായതിനാൽ പൊതുചർച്ചകൾക്കും സമഗ്രമായ പരിശോധനകൾക്കും ശേഷമായിരിക്കും ബില്ലിന്റെ തുടര്‍നടപടികള്‍ തീരുമാനിക്കുക.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





