ഓട്ടവ: രാജ്യങ്ങളുടെ സാമ്പത്തിക സമ്മർദ്ദങ്ങളിൽ നിന്ന് മുക്തമായി തന്ത്രപരമായ സ്വയംഭരണാധികാരം (Strategic Autonomy) കൈവരിക്കുകയാണ് കാനഡയുടെ വിദേശനയത്തിന്റെ ലക്ഷ്യമെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ്. ഐക്യരാഷ്ട്രസഭയുടെ എൺപത്തിയൊന്നാമത് പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് അവർ ഈ സുപ്രധാന നയം വ്യക്തമാക്കിയത്. ആഗോള സാമ്പത്തിക സഹകരണത്തിൽ നിന്നും സംയോജനത്തിൽ നിന്നും വൻശക്തികൾ പിന്നോട്ട് പോകുന്ന പശ്ചാത്തലത്തിൽ, ഇടത്തരം ശക്തികളെ (Middle powers) ഒന്നിപ്പിച്ച് പുതിയൊരു രാജ്യാന്തര സംവിധാനം കെട്ടിപ്പടുക്കാൻ കാനഡ നേതൃത്വം നൽകുമെന്നും അവർ വ്യക്തമാക്കി.
പ്രധാനമന്ത്രി മാർക്ക് കാർണിയുടെ വിദേശനയ വീക്ഷണങ്ങളെ അടിവരയിടുന്നതായിരുന്നു അനിത ആനന്ദിന്റെ പ്രസംഗം. വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, നിർണായക ധാതുക്കൾ, പ്രതിരോധ ഉത്പാദനം, ഊർജം എന്നിവയിൽ പരസ്പര സഹകരണവും സ്വയംപര്യാപ്തതയും കൈവരിക്കേണ്ടതുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. അമേരിക്കയുമായുള്ള താരിഫ് തർക്കങ്ങളോ വ്യാപാര ചർച്ചകളുടെ സ്തംഭനാവസ്ഥയോ അവർ പ്രസംഗത്തിൽ നേരിട്ട് പരാമർശിച്ചില്ലെങ്കിലും, വടക്കേ അമേരിക്കൻ വിപണിക്ക് അപ്പുറത്തേക്ക് കാനഡയുടെ വ്യാപാര ബന്ധങ്ങൾ വൈവിധ്യവത്കരിക്കേണ്ടതിന്റെ അനിവാര്യത അവർ അടിവരയിട്ടു.
യുക്രൈനിലെ സമാധാനം, പലസ്തീൻ-ഇസ്രായേൽ ജനതയുടെ സ്വയംനിർണ്ണയാവകാശം, ലിംഗസമത്വം, ഇറാനിലെ ജനാധിപത്യം, സുഡാൻ പ്രതിസന്ധി തുടങ്ങിയ ആഗോള വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ പ്രസംഗത്തിൽ ഉന്നയിക്കപ്പെട്ടു. ഒന്റാറിയോയിലെ ജൂത സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച മന്ത്രി, വിദ്വേഷ ആക്രമണങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ (ICC) ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്ന വേളയിലും കോടതിക്ക് കാനഡ പൂർണ പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, അന്താരാഷ്ട്ര വേദികളിൽ കാനഡ സ്വതന്ത്ര നിലപാടുകൾ അവകാശപ്പെടുമ്പോഴും, സ്വന്തം ജഡ്ജിക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത് അടക്കമുള്ള വിഷയങ്ങളിൽ വാഷിങ്ടന്റെ സമ്മർദ്ദങ്ങൾക്കെതിരെ തുറന്ന വിമർശനം ഉന്നയിക്കാൻ ഒട്ടാവ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ആഭ്യന്തര തലത്തിൽ ശക്തമാണ്.





