സസ്കാച്വാൻ: വരാനിരിക്കുന്ന ഉത്സവ സീസണുകളിൽ സസ്കാച്വാനിൽ നിത്യോപയോഗ സാധനങ്ങൾക്കും ഭക്ഷണസാധനങ്ങൾക്കും കടുത്ത വിലക്കയറ്റം അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. കനേഡിയൻ താങ്ക്സ്ഗിവിങ്, ക്രിസ്മസ് ആഘോഷങ്ങൾ തൊട്ടടുത്തെത്തി നിൽക്കെ, മുൻ വർഷങ്ങളെ അപേക്ഷിച്ച് ജനങ്ങൾക്ക് സാധനങ്ങൾക്കായി കൂടുതൽ തുക ചെലവഴിക്കേണ്ടി വരുമെന്ന് ദൽഹൗസി സർവകലാശാലയിലെഅഗ്രി-ഫുഡ് അനലിറ്റിക്സ് ലാബ് ഡയറക്ടറും കാർഷിക വിദഗ്ദ്ധനുമായ പ്രൊഫസർ സിൽവെയ്ൻ ചാർലെബോയിസ് വ്യക്തമാക്കി.
ഉത്സവകാലത്തെ പ്രധാന ഭക്ഷണ സാധനങ്ങൾക്കാണ് വിപണിയിൽ ഇപ്പോൾ തന്നെ വില ഉയർന്നു നിൽക്കുന്നത്. ആഘോഷ സീസൺ പൂർണ്ണ തോതിലാകുന്നതോടെ രാജ്യത്തെ ഭക്ഷ്യ പണപ്പെരുപ്പത്തിൽ 0.6 ശതമാനത്തിന്റെ വർദ്ധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഇറച്ചി വിഭവങ്ങളുടെ വിലയിലാണ് വലിയ മാറ്റം പ്രതീക്ഷിക്കുന്നത്. ടർക്കി ഇറച്ചിക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.5 ശതമാനം മുതൽ 3 ശതമാനം വരെ വില ഉയർന്നേക്കാം. പന്നിയിറച്ചിക്ക് 5 ശതമാനം മുതൽ 7 ശതമാനം വരെ വില വർദ്ധിക്കാനാണ് സാധ്യത.
ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നതിന് പിന്നിലെ പ്രധാന വില്ലൻ ഡീസൽ നിരക്കിലുണ്ടായ വർദ്ധനവാണെന്ന് ചാർലെബോയിസ് ചൂണ്ടിക്കാണിക്കുന്നു. ഡീസൽ വിലയും ഭക്ഷണസാധനങ്ങളുടെ വിലയും തമ്മിൽ ‘0.89’ എന്ന ശക്തമായ ബന്ധമാണുള്ളത്. ഇതിനർത്ഥം ഡീസൽ വില വർദ്ധിച്ച് നാലും എട്ടും ആഴ്ചകൾക്കുള്ളിൽ അതിന്റെ ആഘാതം വിപണിയിലെ വിവിധ ഭക്ഷ്യമേഖലകളിൽ പ്രതിഫലിച്ചു തുടങ്ങുമെന്നാണ്. അന്താരാഷ്ട്ര വിപണിയിൽ ഗോതമ്പ് വില ഉയരുന്നത് കർഷകർക്ക് ആശ്വാസകരമാണെങ്കിലും, ഉയർന്ന ഇന്ധനവില ആ നേട്ടത്തെ ഇല്ലാതാക്കുന്നു.
കാർഷിക മേഖലയ്ക്കും ഇന്ധനവില വർദ്ധനവ് കടുത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓഫ് സസ്കാച്വാന്റെ (APAS) പ്രസിഡന്റ് ബിൽ പ്രിബിൽസ്കി നൽകുന്ന വിവരമനുസരിച്ച്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ധനവിലയിൽ 50 ശതമാനത്തിലധികം വർദ്ധനവാണുണ്ടായിരിക്കുന്നത്. നിലവിൽ വിളവെടുപ്പ് കാലമായതിനാൽ കൊയ്ത്തുയന്ത്രങ്ങൾ, ട്രാക്ടറുകൾ, ട്രക്കുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ കർഷകർക്ക് വലിയ അളവിൽ ഡീസൽ ആവശ്യമാണ്. ഉൽപ്പാദന ശൃംഖലയിലുടനീളം ഡീസൽ ഉപയോഗം കൂടിയതോടെ കർഷകർക്ക് ഒരു ഏക്കറിന് 5 ഡോളറിലധികം അധിക ചിലവ് സ്വയം സഹിക്കേണ്ടി വരുന്നു.
Also Read: ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് പുകവലി മാത്രമല്ല വില്ലൻ: ഈ ശീലങ്ങളും ഭീഷണിയായേക്കാം
വിലക്കയറ്റം തുടർച്ചയായതോടെ സാധാരണക്കാരായ ഉപഭോക്താക്കൾ വലിയ പ്രതിസന്ധിയിലാണ്. ഒരൊറ്റ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് ബജറ്റ് തെറ്റിക്കുമെന്നതിനാൽ വോൾമാർട്ട് , കോസ്റ്റ്കോ, സൂപ്പർസ്റ്റോർ തുടങ്ങിയ വിവിധ സൂപ്പർമാർക്കറ്റുകളിലെ ഡിസ്കൗണ്ടുകളും ഓഫറുകളും താരതമ്യം ചെയ്ത് മാത്രം സാധനങ്ങൾ വാങ്ങേണ്ട അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. കുട്ടികളുടെയും കുടുംബത്തിന്റെയും ആരോഗ്യത്തിന് ആവശ്യമായ നല്ല ഭക്ഷണ സാധനങ്ങൾക്ക് വിപണിയിൽ വില താങ്ങാനാവാത്ത വിധം ഉയർന്നത് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




