ടൊറന്റോ: കനേഡിയൻ ഫിൻടെക് കമ്പനിയായ വെൽത്ത്സിംപിൾ തങ്ങളുടെ നിലവിലുള്ള പ്രീപെയ്ഡ് മാസ്റ്റർകാർഡുകൾ പിൻവലിച്ച് പകരം പുതിയ ‘വിസ പ്ലാറ്റിനം പ്രീപെയ്ഡ് കാർഡ്’ പുറത്തിറക്കുന്നു. ഇടപാടുകൾ കൂടുതൽ വേഗത്തിലാക്കാനും അക്കൗണ്ട് സുരക്ഷ ശക്തമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. ഘട്ടംഘട്ടമായി നടപ്പാക്കുന്ന ഈ മാറ്റത്തെക്കുറിച്ച് കമ്പനി ആപ്പ് വഴിയും ഇമെയിൽ വഴിയും ഉപഭോക്താക്കളെ വിവരമറിയിച്ചു തുടങ്ങിയിട്ടുണ്ട്.
പുതിയ വിസ കാർഡിലേക്ക് മാറുമ്പോൾ എടിഎം നിരക്കുകളുടെ റീഫണ്ട് വേഗത്തിൽ ലഭിക്കുമെന്നതാണ് പ്രധാന നേട്ടം. കൂടാതെ, വിദേശനാണയ ഇടപാടുകൾക്ക് അധിക നിരക്ക് ഈടാക്കില്ലെന്ന പഴയ ആനുകൂല്യം തുടരുകയും ചെയ്യും. മാസ്റ്റർകാർഡിലുണ്ടായിരുന്ന $250 പരിധി നീക്കിയതോടെ വിസ കാർഡ് ഉപയോഗിച്ച് കൂടുതൽ തുക ടാപ്പ് ചെയ്ത് നൽകാനാകും. സ്വന്തം ഇഷ്ടാനുസരണം പ്രതിമാസ ചെലവുകൾക്ക് പരിധി നിശ്ചയിക്കാനും നിയന്ത്രിക്കാനുമുള്ള പുതിയ ഫീച്ചറുകളും ഇതിലുണ്ട്.
എന്നാൽ, കാനഡയിലെ കോസ്റ്റ്കോ (Costco) സ്റ്റോറുകളിൽ നേരിട്ട് പോയി സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഈ മാറ്റം തിരിച്ചടിയാകും. കോസ്റ്റ്കോയുടെ കനേഡിയൻ ശാഖകളിൽ മാസ്റ്റർകാർഡ് മാത്രമേ സ്വീകരിക്കൂ എന്നതിനാലാണിത്. എങ്കിലും, കോസ്റ്റ്കോയുടെ വെബ്സൈറ്റിൽ (Costco.ca) ഈ വിസ കാർഡ് ഉപയോഗിച്ച് സാധനങ്ങളോ കോസ്റ്റ്കോ ഷോപ്പ് കാർഡുകളോ വാങ്ങാൻ തടസ്സമില്ല.
നോട്ടിഫിക്കേഷൻ ലഭിക്കുന്ന മുറയ്ക്ക് ഉപഭോക്താക്കൾ ആപ്പ് വഴി പുതിയ കരാർ അംഗീകരിച്ച് മാറ്റം പൂർത്തിയാക്കേണ്ടതാണ്. കാർഡ് നമ്പർ മാറുന്നതിനാൽ പഴയ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള ഓൺലൈൻ പേയ്മെന്റുകളും സബ്സ്ക്രിപ്ഷനുകളും പുതുക്കേണ്ടതുണ്ട്. നൽകിയിട്ടുള്ള അവസാന തീയതി കഴിഞ്ഞാൽ പഴയ മാസ്റ്റർകാർഡിന്റെ പ്രവർത്തനം പൂർണ്ണമായി നിലയ്ക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









