ദില്ലി : ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം ആലാപനത്തെച്ചൊല്ലി തർക്കം മുറുകുന്നു. ജമ്മു കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെ ദേശീയ ഗീതം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട സംഭവമാണ് ഇരുപാർട്ടികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമായിരിക്കുന്നത്.
വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയായിരുന്നുവെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ ഓർമ്മകളെയെങ്കിലും മാനിക്കാമായിരുന്നുവെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എക്സിലൂടെ പരസ്യമായി വിമർശിച്ചിരുന്നു. എന്നാൽ എത്ര വരികൾ ആലപിക്കണമെന്ന് ആരും തങ്ങളെ പഠിപ്പിക്കേണ്ടെന്നും, ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്ന് കരുതി സ്വന്തം നയങ്ങൾ ഘടകകക്ഷികൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ നോക്കേണ്ടെന്നും നാഷണൽ കോൺഫറൻസ് വക്താവ് ബാഷിർ അഹമ്മദ് അതിരൂക്ഷമായി പ്രതിരോധിച്ചു.
നാഷണൽ കോൺഫറൻസിന്റെ കടുത്ത പ്രതികരണത്തിന് പിന്നാലെ കോൺഗ്രസും ശക്തമായ ഭാഷയിൽ തിരിച്ചടിച്ചു. മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ കോൺഗ്രസ് നൽകുന്ന നിർദ്ദേശങ്ങളാണ് പാലിക്കേണ്ടതെന്നും, ഇത് നാഗ്പൂരിൽ നിന്നുള്ള നിർദേശങ്ങളല്ലെന്നുമാണ് കോൺഗ്രസ് നേതാവ് കപിൽ സിംഗ് തുറന്നടിച്ചത്. ഈ പരസ്യപോര് ഇന്ത്യാ മുന്നണിയിലെ പ്രതിസന്ധി കൂടുതൽ പ്രകടമാക്കിയിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








