ഓട്ടവ : കാനഡയിൽ നിന്നുള്ള മദ്യം, പാൽ ഉൽപ്പന്നങ്ങൾ, മോട്ടോർ ബൈക്കുകൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഇറക്കുമതി നിരോധനം ഏർപ്പെടുത്തി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ കാനഡ പ്രതികാര താരിഫ് നടപ്പിലാക്കിയതിന് പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്. സെപ്റ്റംബർ 29 മുതൽ ഈ നിരോധനം നിലവിൽ വരും. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അമേരിക്കൻ ഉൽപ്പന്നങ്ങളോട് കാനഡ വിവേചനം കാണിക്കുകയാണെന്ന് വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ചൊവ്വാഴ്ച നൽകിയ വീഡിയോ സന്ദേശത്തിൽ, അമേരിക്കയെ മുഖ്യ വ്യാപാര പങ്കാളിയെന്ന നിലയിൽ മാറ്റിപ്പിടിക്കുന്നത് വലിയ വില നൽകേണ്ടി വരുമെന്ന് വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് അവസാനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ സ്തംഭിച്ചതിന് ശേഷം പുതിയ ചർച്ചകളൊന്നും നടന്നിട്ടില്ല.
കഴിഞ്ഞ മാസം ഏകദേശം 20 ബില്യൺ ഡോളർ വിലമതിക്കുന്ന കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ വൈറ്റ് ഹൗസ് 50 ശതമാനം താരിഫ് ചുമത്തിയിരുന്നു. ഇതിന് മറുപടിയായി സ്റ്റീൽ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയ യു.എസ് ഉൽപ്പന്നങ്ങൾക്ക്മേൽ കാനഡയും ഡോളറിന് ഡോളർ താരിഫ് ഏർപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് ഈ പ്രതികാര താരിഫ് നിലവിൽ വന്നത്.
ചിലതരം മദ്യം, റം, വോഡ്ക, വേ (whey), മദ്യം ചേർക്കാത്ത ബിയർ, മോട്ടോർ ബൈക്കുകൾ എന്നിവ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ ചീസ്, കടലാസ്, ഫർണിച്ചറുകൾ, അലുമിനിയം, ഇരുമ്പ്, മോട്ടോർ ബോട്ടുകൾ, ഗോൾഫ് കാർട്ടുകൾ എന്നിവയുടെ ഇറക്കുമതി താരിഫ് വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കാനഡയിലെ ബോംബാർഡിയർ എന്ന വിമാന നിർമ്മാണ കമ്പനി ഉൽപ്പന്നങ്ങൾ അമേരിക്കയിൽ വിൽക്കണമെങ്കിൽ ഉൽപ്പാദനം അവിടേക്ക് മാറ്റണമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ വ്യാപാരയുദ്ധം ഇരുരാജ്യങ്ങളിലെയും ബിസിനസ്സുകളെയും വിലക്കയറ്റത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. കാനഡയുമായുള്ള വ്യാപാര തർക്കങ്ങൾക്കിടയിൽ അടുത്തിടെ ഒന്റാറിയോ തടാകത്തിന്റെ പേര് ‘ലേക്ക് അമേരിക്ക’ എന്ന് മാറ്റിയതും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്രശ്നപരിഹാരത്തിനായി ഇരുവിഭാഗവും വീണ്ടും ചർച്ചകളിലേക്ക് എത്തുമോ എന്നാണ് അന്താരാഷ്ട്ര വിപണി ഉറ്റുനോക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









