സസ്കാച്വാൻ ; പ്രവിശ്യയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച എൻവിറോൺമെന്റ് കാനഡ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സസ്കാച്വാൻ, റജീന, മൂസ് ജോ, പ്രിൻസ് ആൽബർട്ട് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം കനത്ത ജാഗ്രതാ നിർദേശമുണ്ട്. മേഖലയിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി മുഴുവൻ പെയ്ത്തു തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ദക്ഷിണ സാസ്കാച്ചെവാനിലും പടിഞ്ഞാറൻ മാനിറ്റോബയുടെ ചില ഭാഗങ്ങളിലുമായി 30 മുതൽ 50 മില്ലീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യുന്നതോടെ മഴയുടെ അളവ് 50 മില്ലീമീറ്ററിനും മുകളിലാകും. പകലും രാത്രിയും ഇടവിടാതെ മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയേറെയാണ്.
മഴ കനക്കുമ്പോൾ കാഴ്ചമറയാൻ സാധ്യതയുള്ളതിനാലും റോഡുകളിൽ വെള്ളം കയറാൻ ഇടയുള്ളതിനാലും ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനങ്ങൾ ഓടിക്കരുതെന്നും യാത്രകൾക്കായി കൂടുതൽ സമയം മാറ്റിവെക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകരുതെന്നും കാലാവസ്ഥാ ഏജൻസി പ്രദേശവാസികളോട് അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









