ദില്ലി : ജോലി കിട്ടിയിട്ട് വേണം ഒരു അവധിയെടുക്കാൻ എന്ന് നമ്മൾ പലപ്പോഴും തമാശയായി പറയാറുണ്ട്. ജോലിയുടെയും അവധിയുടെയും ഈ വൈരുദ്ധ്യം തുറന്നുകാട്ടുന്ന സോന എന്ന യുവതിയുടെ ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമായിരിക്കുന്നത്. ജോലി നമുക്ക് ജീവിതത്തിൽ നൽകുന്ന സ്ഥിരതയെയും സാമ്പത്തിക സ്വാതന്ത്ര്യത്തെയും അഭിനന്ദിക്കണമെന്നാണ് സോനയുടെ പ്രധാന അഭിപ്രായം.
ജോലി ഉള്ളവർക്ക് ഇത് തീർച്ചയായും മനസ്സിലാകുമെന്നും ജോലിയെക്കാൾ വലിയ മറ്റൊരു ഉത്സവവുമില്ലെന്നും വീഡിയോയിൽ സോന വ്യക്തമാക്കുന്നു. ജോലിയില്ലാത്തപ്പോൾ എന്തെങ്കിലും ഒരു ജോലി തരൂ, എന്തു ജോലിയും ചെയ്യാം എന്ന് നമ്മൾ ആഗ്രഹിക്കും. എന്നാൽ ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞാലോ, ‘ഇന്ന് ഒരു അവധി കിട്ടിയിരുന്നെങ്കിൽ’ എന്ന് ചിന്തിച്ചു തുടങ്ങുന്നതാണ് മനുഷ്യസ്വഭാവമെന്നും അവർ പറയുന്നു.
തുടർച്ചയായി അവധികളെ മാത്രം ആശ്രയിച്ചു ജീവിക്കുന്നതിന് പകരം, ജോലി നമുക്ക് നൽകുന്ന നേട്ടങ്ങളെ അംഗീകരിക്കാൻ തയ്യാറാകണമെന്ന് സോന ഓർമ്മിപ്പിക്കുന്നു. എല്ലാവരുടെയും തൊഴിൽ സാഹചര്യങ്ങൾ ഒരുപോലെയല്ലെന്ന് അറിയാമെങ്കിലും, കൈവശം ഒരു ജോലി ഉണ്ടെങ്കിൽ സമൂഹത്തിൽ മാന്യതയും സ്വന്തം കാലിൽ നിൽക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. അതിനാൽ ജോലിയെ സ്നേഹിക്കാനും ആസ്വദിക്കാനും അവർ ആഹ്വാനം ചെയ്യുന്നു.
നിരവധി പേരാണ് സോനയുടെ വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി എത്തിയത്. ജോലി ചെയ്യുന്ന ഓരോരുത്തരെ സംബന്ധിച്ചും ഇത് നൂറുശതമാനം ശരിയാണെന്നും ഒരു ജോലിയുടെ വില അത് ഇല്ലാത്തപ്പോഴാണ് മനസ്സിലാകുകയെന്നും ആളുകൾ കുറിച്ചു. അതേസമയം, ജോലി സ്ഥലത്തെ ചൂഷണങ്ങളെക്കുറിച്ചും അവിടെ നഷ്ടപ്പെടുന്ന വ്യക്തിപരമായ ഇടങ്ങളെക്കുറിച്ചും പലരും കമന്റുകളിലൂടെ ഓർമ്മിപ്പിക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








