ഓട്ടവ: കാനഡയിൽ ഓഗസ്റ്റ് മാസത്തിൽ 42,000 തൊഴിലുകൾ നഷ്ടപ്പെട്ടതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. തൊഴിൽ വിപണിയിൽ വളർച്ചയുണ്ടാകുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങൾക്ക് തിരിച്ചടിയേകിയാണ് പുതിയ കണക്കുകൾ പുറത്തുവന്നത്. എന്നാൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ 6.4 ശതമാനത്തിൽ തന്നെ തുടരുന്നു. പ്രധാനമായും പൊതുമേഖലയിലെ തൊഴിലവസരങ്ങൾ കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. അതേസമയം നിർമ്മാണ മേഖലയിൽ 22,000 പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടത് ആശ്വാസമായി.
വ്യാപാര തർക്കവും വേതന മന്ദഗതിയും
കാനഡയിലെ പ്രധാന പ്രവിശ്യകളായ ക്യുബെക്കിലും ഒന്റാറിയോയിലുമാണ് ഏറ്റവും കൂടുതൽ തൊഴിൽ നഷ്ടം രേഖപ്പെടുത്തിയത്. തുടർച്ചയായ നാലാം മാസവും തൊഴിൽ വളർച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിപണി തളർച്ചയിലേക്ക് നീങ്ങി. ശരാശരി മണിക്കൂർ വേതന വർധനവ് ഓഗസ്റ്റിൽ രണ്ടു ശതമാനമായി കുറഞ്ഞതും തൊഴിലാളികളെ ബാധിച്ചിട്ടുണ്ട്. അമേരിക്കയുമായി നിലനിൽക്കുന്ന വ്യാപാര തർക്കങ്ങളും ഉയർന്ന തീരുവകളും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെയും തൊഴിൽ വിപണിയെയും കാര്യമായി സ്വാധീനിക്കുന്നുണ്ട്.
Also Read: ഓഗസ്റ്റിൽ നഷ്ടമായത് 42,000 അവസരങ്ങൾ ; കാനഡയിലിനി ജോലിയില്ല?
അമേരിക്കൻ വിപണിയിലെ മുന്നേറ്റവും ഭാവിയും
കാനഡയിൽ തൊഴിൽ വിപണി മന്ദഗതിയിലായപ്പോൾ അയൽ രാജ്യമായ അമേരിക്കയിൽ 1,62,000 പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടു. മുൻ മാസങ്ങളിലെ മുന്നേറ്റത്തിന് ശേഷം കാനഡയിലുണ്ടായ ഈ തിരിച്ചടി സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പ്രതിതീരുവ ഏർപ്പെടുത്തിയും ബാധിതർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചും കനേഡിയൻ സർക്കാർ സ്ഥിതിഗതികൾ നേരിടാൻ ശ്രമിക്കുന്നുണ്ട്. വരും മാസങ്ങളിൽ ഫെഡറൽ ബാങ്കായ ‘ബാങ്ക് ഓഫ് കാനഡ’ എടുക്കുന്ന സാമ്പത്തിക നയങ്ങൾ വിപണിക്ക് നിർണായകമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









