വാഷിങ്ടൺ: ഇറാൻ്റെ സമ്പദ്‍വ്യവസ്ഥ സമ്പൂർണ തകർച്ചയിലാണെന്നും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം യുഎസ് സൈന്യത്തിന് ലഭിച്ചുവെന്നും അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് രംഗത്ത്. താൻ ഇറാനുമായി യാതൊരുവിധ ചർച്ചകൾക്കും ശ്രമിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, നിലവിലെ സംഘർഷഭരിതമായ സാഹചര്യമാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തതുപോലെ ഇറാനെ ചർച്ചയ്ക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നില്ലെന്നും, മൂല്യമില്ലാത്ത ഒരു കരാറിലും താല്പര്യമില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ഇറാൻ ജനത എപ്പോഴാണ് ഭരണകൂടത്തിനെതിരെ പ്രതികരിക്കാൻ പോകുന്നതെന്നും ചോദിച്ചു.

ഇറാന് നേരെ യുഎസ് വ്യോമാക്രമണം നടത്തി മണിക്കൂറുകൾക്കകമാണ് ട്രംപ് പ്രസ്താവനയുമായി എത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ്–ഇറാൻ സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം പിടിച്ചെടുത്തതായി ട്രംപ് മുൻപും ഒന്നിലധികം തവണ അവകാശപ്പെട്ടിരുന്നു. എന്നാൽ, അമേരിക്കയുടെ ഈ വാദങ്ങൾ തള്ളിക്കളഞ്ഞ ഇറാൻ ഭരണകൂടം, അന്താരാഷ്ട്ര എണ്ണക്കടത്തിൻ്റെ കേന്ദ്രമായ ഹോർമുസ് കടലിടുക്ക് ഇപ്പോഴും തങ്ങളുടെ പൂർണ നിയന്ത്രണത്തിൽ തന്നെയാണെന്ന് ആവർത്തിച്ചു.
ചൊവ്വാഴ്ച യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതിന് മറുപടിയായി ജോർദാൻ, ബഹ്റൈൻ, ഇറാഖ് എന്നിവിടങ്ങളിലെ യുഎസ് വ്യോമതാവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തി. ജൂലൈ ആദ്യവാരത്തിലെ ആക്രമണ പരമ്പരകൾക്ക് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിൽ ഇത്തരമൊരു നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ ഉണ്ടാകുന്നത്.
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർന്നതോടെ ആഗോള സമ്പദ്‌വ്യവസ്ഥയിലും ഇതിൻ്റെ പ്രതിഫലനങ്ങൾ പ്രകടമായി തുടങ്ങി. സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് നാല് ഡോളർ വർധിച്ച് അഞ്ച് ആഴ്ചകൾക്കിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോരും സൈനിക നടപടികളും മേഖലയെ കൂടുതൽ അനിശ്ചിതത്വത്തിലേക്ക് നയിക്കുകയാണ്.
Trump: Iran Faces Inevitable Fall, No Talks, US Controls Hormuz
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




