എഡ്മിന്റൻ: ആൽബർട്ട പ്രവിശ്യയിൽ വരാനിരിക്കുന്ന സ്വാതന്ത്ര്യ പ്രമേയ ജനഹിതപരിശോധനയോട് അനുബന്ധിച്ച് അനുകൂലിച്ചും എതിർത്തും രംഗത്തിറങ്ങി ഇരുവിഭാഗങ്ങളും. ഒക്ടോബർ 19-നാണ് പ്രവിശ്യയിൽ 10 വിഷയങ്ങളിലുള്ള ചോദ്യങ്ങളുൾപ്പെടുത്തി ജനഹിതപരിശോധന നടക്കുന്നത്. ഇതിന്റെ ഭാഗമായി ശനിയാഴ്ച പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ ഇരുവിഭാഗങ്ങളും റാലികൾ സംഘടിപ്പിച്ചു.
ആൽബർട്ട ലെജിസ്ലേച്ചറിന് മുന്നിൽ നൂറുകണക്കിന് ആളുകളാണ് പ്രമേയത്തെ അനുകൂലിച്ച് അണിനിരന്നത്.
ഫെഡറൽ ലിബറൽ സർക്കാരിന്റെ നയങ്ങളോടാണ് തങ്ങൾക്ക് എതിർപ്പുള്ളതെന്നും അല്ലാതെ കാനഡയോടല്ലെന്നും ആൽബർട്ട പ്രോസ്പെരിറ്റി പ്രൊജക്റ്റ് നേതാവ് മിച്ച് സിൽവെസ്റ്റർ വ്യക്തമാക്കി. പൈപ്പ്ലൈൻ പദ്ധതികളിലും സാമ്പത്തിക കാര്യങ്ങളിലും കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടുകളിൽ പ്രവിശ്യയിലെ ജനങ്ങൾ കടുത്ത നിരാശയിലാണെന്നും അദ്ദേഹം പറഞ്ഞു.
ജീവിതച്ചെലവ് വർധിക്കുന്നതും പെൻഷൻ തുക ചുരുങ്ങുന്നതുമാണ് തന്നെ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്ന് റാലിക്കെത്തിയ ഡെന്നിസ് ബുഡ്നി പറഞ്ഞു. പ്രകൃതിവിഭവങ്ങൾ വേണ്ടത്ര രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡയിൽ തുടരുന്നതിനെ അനുകൂലിച്ച് ആൽബർട്ട എൻ.ഡി.പി നേതാവ് നഹീദ് നെൻഷിയുടെ നേതൃത്വത്തിൽ കാൽഗറിയിലും റാലി നടന്നു.
കാനഡയിൽ തുടരാൻ ആഗ്രഹിക്കുന്ന വോട്ടർമാർ ജനഹിതപരിശോധനയെ നിസ്സാരമായി കാണരുതെന്ന് നഹീദ് നെൻഷി മുന്നറിയിപ്പ് നൽകി. ഫെഡറൽ ഭരണഘടനയുടെ ഭാഗമായി ഒപ്പുവെച്ച ചരിത്രപരമായ ട്രീറ്റി 6 കരാറുകളെപ്പോലും പ്രവിശ്യയുടെ വേർപിരിയൽ നീക്കം അപകടത്തിലാക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ ഭൂരിഭാഗം ആൽബർട്ടക്കാരും കാനഡയിൽ തുടരുന്നതിനെയാണ് അനുകൂലിക്കുന്നതെന്ന് ഇതുവരെയുള്ള അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നുണ്ട്.
ALSO READ: Alberta Referendum: ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ മറ്റ് പ്രവിശ്യകളുടെ സഹായം തേടി ഇലക്ഷൻസ് ആൽബർട്ട
കാനഡയിൽ നിന്നും വേർപിരിയുന്നതിനെതിരെ ശക്തമായ നിലപാടുമായാണ് കാനഡ അനുകൂലികൾ രംഗത്തുള്ളത്. രാജ്യത്തിന്റെ ഐക്യവും മൂല്യങ്ങളും സംരക്ഷിക്കേണ്ടത് പ്രധാനമാണെന്ന് റാലികളിൽ പങ്കെടുത്തവർ വ്യക്തമാക്കി. അതേസമയം, സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നവർ എണ്ണത്തിൽ കുറവാണെങ്കിലും വോട്ടുചെയ്യാനുള്ള കാര്യത്തിൽ കൂടുതൽ ആവേശം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




