കാൽഗറിയിൽ നിന്ന് ടോക്കിയോയിലേക്ക് പുറപ്പെട്ട വെസ്റ്റ്ജെറ്റ് വിമാനം യാത്രയ്ക്കിടെ സാങ്കേതിക തകരാർ മൂലം അടിയന്തരമായി കാൽഗറിയിലേക്ക് തന്നെ തിരിച്ചിറക്കി. വിമാനത്തിലെ ജീവനക്കാർ മുൻകരുതൽ നടപടിയുടെ ഭാഗമായി വിമാനം തിരികെ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് വിമാനം സുരക്ഷിതമായി കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്നും എയർലൈൻ അധികൃതർ അറിയിച്ചു.
വെസ്റ്റ്ജെറ്റ് എയർലൈൻസിന്റെ ഫ്ലൈറ്റ് WS4180-ൽ യാത്ര ചെയ്യേണ്ടിയിരുന്ന യാത്രക്കാർക്ക് തടസ്സമുണ്ടായതിനെ തുടർന്ന്, അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി മറ്റു വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കാൽഗരിയിൽ നിന്ന് ടോക്കിയോയിലേക്ക് ശനിയാഴ്ച പുറപ്പെട്ട ഈ വിമാനത്തിൻ്റെ മടക്കയാത്ര തിങ്കളാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. യാത്രക്കാർക്കുണ്ടായ ഈ ബുദ്ധിമുട്ടിൽ എയർലൈൻ ഖേദം പ്രകടിപ്പിക്കുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ തങ്ങൾക്കുള്ള പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.



