ഓട്ടവ: കേവലം വ്യാപാര തർക്കങ്ങൾക്കപ്പുറം വിദേശനയങ്ങളും രാഷ്ട്രീയ വൈരങ്ങളും ആയുധമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന താരിഫ് യുദ്ധത്തിൽ ലോകത്തിലെ പ്രധാനപ്പെട്ട 10 രാജ്യങ്ങൾ വലിയ സാമ്പത്തിക അനിശ്ചിതത്വത്തിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. അനധികൃത കുടിയേറ്റം, റഷ്യൻ എണ്ണ വാങ്ങൽ, ലഹരിമരുന്ന് കടത്ത്, ആണവ പദ്ധതികൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് വിവിധ രാജ്യങ്ങൾക്ക് മേൽ ട്രംപ് ഭരണകൂടം അമിത നികുതിയും ഉപരോധങ്ങളും അടിച്ചേൽപ്പിക്കുന്നത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി ഉയർന്ന താരിഫ് നേരിടുന്ന ഇന്ത്യക്ക്, പുതിയ സെക്ഷൻ 301 താരിഫും H-1B വിസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടിയതും വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. അതേസമയം, ഫെന്റനൈൽ മയക്കുമരുന്ന് കടത്തും അതിർത്തി കുടിയേറ്റവും മറ്റ് കാര്യങ്ങളും ആരോപിച്ച് കാനഡയ്‌ക്കെതിരെ ട്രംപ് 50 ശതമാനം താരിഫ് പ്രഖ്യാപിച്ചതോടെ, തിരിച്ചടിയായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ കാനഡയും കടുത്ത താരിഫുകൾ ചുമത്തി വിപണി യുദ്ധം കടുപ്പിച്ചു.
ALSO READ: കാനഡയുമായുള്ള തർക്കം തിരിച്ചടിയായി; ടോയ്‌ലറ്റ് പേപ്പർ കിട്ടാനില്ല, അമേരിക്കയിൽ ‘ശുചിമുറി പ്രതിസന്ധി’
ഇറാനെ സാമ്പത്തികമായി പൂർണ്ണമായി ഒറ്റപ്പെടുത്താൻ ‘ഇക്കണോമിക് ഡി-ഡേ’ പ്രഖ്യാപിച്ച വാഷിംഗ്ടൺ, ഇറാനിൽ നിന്നും റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ചൈനയെയും ഇന്ത്യയെയും സെക്കൻഡറി താരിഫുകൾ മുഖേന ലക്ഷ്യമിടുന്നുണ്ട്. പ്രതിരോധ ചെലവുകൾ വർദ്ധിപ്പിക്കാത്തതിലും ഉക്രെയ്ൻ വിഷയം മുൻനിർത്തിയും യൂറോപ്യൻ യൂണിയനെതിരെയും താരിഫ് ഭീഷണി ശക്തമാണ്.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ മെക്സിക്കോ, കൊളംബിയ, വെനസ്വേല എന്നിവയ്‌ക്കെതിരെ കുടിയേറ്റവും ലഹരിമരുന്ന് കടത്തും ആരോപിച്ചാണ് അമിത നികുതി ഭാരം അടിച്ചേൽപ്പിക്കുന്നത്. ക്യൂബയിലേക്കുള്ള ഇന്ധന വിതരണം തടഞ്ഞുകൊണ്ട് ഏർപ്പെടുത്തിയ ഉപരോധം അവിടെ കടുത്ത ഊർജ്ജ പ്രതിസന്ധിക്കും വലിയ വൈദ്യുതി തടസ്സത്തിനും കാരണമായി. ചുരുക്കത്തിൽ, പരമ്പരാഗത വ്യാപാര നിയമങ്ങൾ കാറ്റിൽപ്പറത്തി താരിഫുകളെ നയതന്ത്ര ആയുധമാക്കുന്ന ട്രംപിന്റെ ശൈലി ആഗോള സാമ്പത്തിക രംഗത്തെ തന്നെ പിടിച്ചുലയ്ക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





