ബി.സി: വാഹനം ഓടിക്കുമ്പോൾ ഫോണിൽ സംസാരിക്കുന്നതും മെസ്സേജ് അയക്കുന്നതുമൊക്കെ നമ്മൾ എപ്പോഴും കാണാറുള്ളതാണ്. എന്നാൽ വാഹനം ഓടിക്കുന്നതിനിടെ സ്റ്റിയറിംഗിൽ നിന്ന് കൈവിട്ട് ഇരു കൈകളിലും ഒരു വലിയ ടാബ്ലെറ്റ് പിടിച്ച് ഉപയോഗിച്ച ഡ്രൈവർക്ക് വൻ തുക പിഴയിട്ട് പൊലീസ്. നോർത്ത് വാൻകൂവറിലാണ് രസകരവും അതേസമയം അപകടകരവുമായ ഈ സംഭവം നടന്നത്.
കഴിഞ്ഞ തിങ്കളാഴ്ച തിരക്കേറിയ ഒരു റോഡ് ജംഗ്ഷനിൽ റെഡ് സിഗ്നൽ വീണപ്പോൾ വണ്ടി നിർത്തിയിട്ടതായിരുന്നു ഡ്രൈവർ. ഈ സമയം തന്റെ ഫോർഡ് എഫ്-150 ട്രക്കിന്റെ സ്റ്റിയറിംഗിൽ നിന്ന് ഇരു കൈകളും മാറ്റി ടാബ്ലെറ്റിൽ നോക്കിയിരിക്കുകയായിരുന്നു ഇയാൾ. ഇത് ശ്രദ്ധയിൽപ്പെട്ട റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) സംഭവത്തിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.
“സാധാരണ ആളുകൾ ഫോൺ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്, എന്നാൽ ഇയാൾ ഒരു പടി കൂടി കടന്ന് ഇരു കൈകളിലും ടാബ്ലെറ്റും പിടിച്ചാണ് വണ്ടി ഓടിക്കുന്നത്” എന്ന് പൊലീസ് തമാശ രൂപേണ കുറിച്ചു. മെസ്സേജും ഇമെയിലുമൊക്കെ വണ്ടി ഓടിച്ചു കഴിഞ്ഞ് നോക്കിയാൽ പോരേയെന്നും, കൈകൾ സ്റ്റിയറിംഗിലും ശ്രദ്ധ റോഡിലും വേണമെന്നും പൊലീസ് ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു.
അശ്രദ്ധമായി വാഹനമോടിച്ചതിന് 368 കനേഡിയൻ ഡോളറാണ് (ഏകദേശം 22,000-ത്തിലധികം രൂപ) ഡ്രൈവർക്ക് പിഴയിട്ടത്. കൂടാതെ ഇയാളുടെ ലൈസൻസിൽ 4 ഡിമെറിറ്റ് പോയിന്റുകളും രേഖപ്പെടുത്തി. ജംഗ്ഷനുകളിലാണ് ഇത്തരത്തിലുള്ള അപകടങ്ങളിൽ 40 ശതമാനവും നടക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയിൽ മാത്രം ഡ്രൈവിംഗിനിടയിലെ ഇത്തരം അശ്രദ്ധ കാരണം വർഷത്തിൽ ശരാശരി 80 പേർ മരിക്കുകയും രണ്ടായിരത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





