ഒട്ടാവ: അംഗീകാരമില്ലാത്തതും നിയമവിരുദ്ധവുമായ മരുന്ന് വിപണിയിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതായി പ്രമുഖ മരുന്ന് നിർമ്മാതാക്കളായ ലില്ലി കാനഡയുടെ മുന്നറിയിപ്പ്. Eli Lilly കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ‘റെറ്റാട്രൂട്ടൈഡ്’ എന്ന പരീക്ഷണാത്മക മരുന്നിന്റെ വ്യാജ പതിപ്പുകളാണ് ഓൺലൈൻ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും വിറ്റഴിക്കപ്പെടുന്നത്. നിലവിൽ ഹെൽത്ത് കാനഡയോ ലോകത്തിലെ മറ്റ് ഔദ്യോഗിക ഏജൻസികളോ ഈ മരുന്നിന് മനുഷ്യരിൽ ഉപയോഗിക്കാനുള്ള അനുമതി നൽകിയിട്ടില്ലെന്ന് കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അമിതവണ്ണവും ടൈപ്പ് 2 പ്രമേഹവും ചികിത്സിക്കുന്നതിനായി അമേരിക്കൻ കമ്പനിയായ എലി ലില്ലി നിർമ്മിക്കുന്ന ഈ മരുന്ന് നിലവിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലാണ്. മുൻപത്തെ പരീക്ഷണങ്ങളിൽ പ്രമേഹവും അമിതവണ്ണവുമുള്ള വ്യക്തികളിൽ 80 ആഴ്ച കൊണ്ട് ശരാശരി 22.5 കിലോഗ്രാമും, കടുത്ത അമിതവണ്ണമുള്ള ഹൃദ്രോഗികളിൽ 25.3 കിലോഗ്രാമും വരെ ഭാരം കുറയ്ക്കാൻ ഈ മരുന്നിന് സാധിച്ചിരുന്നു. എങ്കിലും നിലവിൽ വിപണിയിലുള്ളത് യാതൊരു സുരക്ഷാ പരിശോധനകളും പൂർത്തിയാക്കാത്ത വ്യാജ മരുന്നുകളാണെന്നും ഇവ വൻ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും എലി ലില്ലി ചീഫ് മെഡിക്കൽ ഓഫീസർ ഡേവിഡ് എ. ഹൈമാൻ അറിയിച്ചു.
വ്യാജ വിപണനത്തിനെതിരെ ശക്തമായ നിയമ നടപടികളുമായി കമ്പനി മുന്നോട്ട് പോവുകയാണ്. വ്യാജ മരുന്നുകൾ നിർമ്മിച്ചു വിറ്റ അമേരിക്കയിലെ മെഡിക്കൽ സ്പാകൾക്കും ഫാർമസികൾക്കുമെതിരെ കമ്പനി കേസ് ഫയൽ ചെയ്തിട്ടുണ്ട്. കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ അതിർത്തികളിൽ വച്ച് വ്യാപകമായി പിടിച്ചെടുക്കുന്നുമുണ്ട്. കാനഡയിൽ ഇത്തരത്തിലുള്ള നിയമവിരുദ്ധ വിൽപ്പന തടയുന്നതിനായി ക്രഡിറ്റ് കാർഡ് കമ്പനികൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഷിപ്പിംഗ് കമ്പനികൾ എന്നിവരുടെ സഹായം തേടിയ ലില്ലി കാനഡ, സംശയാസ്പദമായ വിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





