ന്യൂ ഡൽഹി : UGC-NET പരീക്ഷയിലെ ചോദ്യപേപ്പറുകളിൽ ഗുരുതരമായ ക്രമക്കേടുകളും പിഴവുകളും കണ്ടെത്തിയതിനെ തുടർന്ന് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ മൂന്ന് വിഷയങ്ങളിൽ വീണ്ടും പരീക്ഷ നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എന്‍ടിഎ) തീരുമാനിച്ചു. പരീക്ഷാ ഉത്തരസൂചിക പുറത്തുവന്നതിന് പിന്നാലെ ഉദ്യോഗാർത്ഥികളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്ന് എന്‍ടിഎ പ്രത്യേക ആഭ്യന്തരസമിതി രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. സമിതി നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളുടെ പരാതികൾ ശരിയാണെന്ന് വ്യക്തമാവുകയും പുനഃപരീക്ഷയ്ക്ക് ശുപാർശ ചെയ്യുകയുമായിരുന്നു.
പുനഃപരീക്ഷാ സമയക്രമം
സെപ്റ്റംബർ 9, 10 തീയതികളിലായാണ് മൂന്ന് വിഷയങ്ങളുടെയും പുനഃപരീക്ഷ നടക്കുക. സെപ്റ്റംബർ 9-ന് രണ്ട് ഷിഫ്റ്റുകളിലായി ഇംഗ്ലീഷ്, കൊമേഴ്സ് പരീക്ഷകൾ നടക്കും; രാവിലെ 9 മുതൽ 12 വരെയുള്ള ഒന്നാം ഷിഫ്റ്റിൽ ഇംഗ്ലീഷും, ഉച്ചയ്ക്ക് ശേഷം 3 മുതൽ 6 വരെയുള്ള രണ്ടാം ഷിഫ്റ്റിൽ കൊമേഴ്സ് പരീക്ഷയും ക്രമീകരിച്ചിരിക്കുന്നു. സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10-ന് രാവിലെ 9 മുതൽ 12 വരെയുള്ള ഒന്നാം ഷിഫ്റ്റിൽ നടക്കും. പുനഃപരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് അധിക ഫീസൊന്നും ഈടാക്കില്ലെന്ന് എൻടിഎ അറിയിച്ചിട്ടുണ്ട്.
ചോദ്യപേപ്പറുകളിലെ വീഴ്ചകൾ
ചോദ്യപേപ്പറുകളിൽ വസ്തുതാപരമായ തെറ്റുകൾ, ടൈപ്പിംഗ് അപാകതകൾ, പരിഭാഷയിലെ പിഴവുകൾ എന്നിവ വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. പ്രമുഖ പണ്ഡിതന്മാരുടെ പേരുകൾ തെറ്റായി അച്ചടിച്ചതും, പുസ്തകങ്ങളുടെ പേരുകളിലെ പിഴവുകളും, വാചകഘടനയിലെയും വ്യാകരണത്തിലെയും അപാകതകളും പരീക്ഷയുടെ സുതാര്യതയെ ബാധിച്ചു. കൂടാതെ, മുൻവർഷങ്ങളിലെ നിരവധി ചോദ്യങ്ങൾ മാറ്റമില്ലാതെ ആവർത്തിച്ചതും കണ്ടെത്തിയിട്ടുണ്ട്. ദേശീയതലത്തിൽ നടത്തുന്ന പ്രധാനപ്പെട്ട പരീക്ഷയിൽ എൻടിഎയുടെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതര വീഴ്ച ഉദ്യോഗാർത്ഥികൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
UGC-NET: NTA announces re-examination in three subjects; exams on September 9 and 10
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla








