ഒട്ടാവാ: റിമോട്ട് ഏരിയ ബോർഡർ ക്രോസിംഗ് (RABC) പ്രോഗ്രാം വഴി കാനഡയിലേക്ക് പ്രവേശിക്കുന്നവർക്കുള്ള നിലവിലെ പെർമിറ്റുകളുടെ കാലാവധി 2026 നവംബർ 30 വരെ നീട്ടിയതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) അറിയിച്ചു. ഇതിനുമുമ്പ് സെപ്റ്റംബർ 13 വരെ മാത്രം കാലാവധിയുണ്ടായിരുന്ന പെർമിറ്റുകൾക്കാണ് ഇപ്പോൾ മൂന്നാം തവണയും ആശ്വാസമായി ഇളവ് നൽകിയിരിക്കുന്നത്. എന്നാൽ, വരുന്ന ഡിസംബർ 1-ഓടെ പതിറ്റാണ്ടുകളായി നിലവിലുള്ള ഈ പെർമിറ്റ് പ്രോഗ്രാം പൂർണ്ണമായും നിർത്തലാക്കുമെന്നും ബോർഡർ ഏജൻസി അറിയിച്ചു.
RABC പ്രോഗ്രാം അവസാനിപ്പിക്കുന്നതോടെ അതിർത്തി പ്രദേശങ്ങൾ വഴി രാജ്യത്തേക്ക് കടക്കുന്നവർക്കായി പ്രത്യേക ടെലിഫോൺ റിപ്പോർട്ടിംഗ് കേന്ദ്രങ്ങൾ CBSA സജ്ജീകരിക്കും. നോർത്ത് വെസ്റ്റ് ആംഗിൾ ഏരിയ, ലേക്ക് സുപ്പീരിയറിന്റെ കനേഡിയൻ തീരം, സോൾട്ട് സ്റ്റെ. മേരിയിലെ അപ്പർ ലോക്ക് സിസ്റ്റം, കോക്ക്ബേൺ ഐലൻഡ്, പീജിയൻ റിവർ മുതൽ ലേക്ക് ഓഫ് ദി വുഡ്സ് വരെയുള്ള പ്രദേശങ്ങൾ എന്നിവയാണ് ഈ മാറ്റത്തിന്റെ പരിധിയിൽ വരുന്നത്. ഡിസംബർ 1 മുതൽ ഈ മേഖലകളിലൂടെ കാനഡയിലേക്ക് പ്രവേശിക്കുന്നവർ ടെലിഫോൺ കേന്ദ്രങ്ങൾ വഴിയോ പോർട്ട് ഓഫ് എൻട്രിയിലോ പ്രവേശനം നിർബന്ധമായും റിപ്പോർട്ട് ചെയ്യണം.
യാത്രക്കാർ തങ്ങളുടെ വ്യക്തിവിവരങ്ങളും യാത്രാ ലക്ഷ്യങ്ങളും വെളിപ്പെടുത്തുകയും ഏജൻസിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും വേണം. ചില സാഹചര്യങ്ങളിൽ നേരിട്ടുള്ള പരിശോധനയും നേരിടേണ്ടി വരും. പ്രാദേശിക ഗോത്രവിഭാഗങ്ങൾ, ബിസിനസ് സ്ഥാപനങ്ങൾ, നിയമപാലകർ എന്നിവരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും പുതിയ ഫോൺ കേന്ദ്രങ്ങളുടെ സ്ഥാനങ്ങൾ നിശ്ചയിക്കുക.
READ MORE ; കാനഡ ഇമിഗ്രേഷൻ; എക്സ്പ്രസ് എൻട്രി പൂളിൽ 5 പുതിയ ട്രെൻഡുകൾ ഇതാ, CRS സ്കോറിലും മാറ്റങ്ങൾക്ക് സാധ്യത
അതിർത്തി കടക്കുമ്പോൾ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാത്തവർക്ക് വൻ തുക പിഴ ഒടുക്കേണ്ടി വരും. ഇതിനുപുറമെ വാഹനങ്ങളോ ഉൽപ്പന്നങ്ങളോ കണ്ടുകെട്ടാനും കസ്റ്റംസ് ആക്ട് പ്രകാരം ക്രിമിനൽ നടപടികൾ നേരിടാനും സാധ്യതയുണ്ട്. നിലവിൽ പ്രതിവർഷം പെർമിറ്റ് ഉപയോഗിക്കുന്ന 11,000 ആളുകളിൽ 90 ശതമാനവും അമേരിക്കൻ യാത്രക്കാരായതിനാൽ ഈ മാറ്റം പ്രധാനമായും ബാധിക്കുന്നത് അവരെയാണ്.
പ്രോഗ്രാം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ RABC അപേക്ഷകൾ സ്വീകരിക്കുന്നത് കാനഡ പൂർണ്ണമായും നിർത്തിവെച്ചിട്ടുണ്ട്. കൂടാതെ മുൻപ് കാലാവധി കഴിഞ്ഞ പെർമിറ്റുകൾ ഉള്ളവർക്ക് അത് നീട്ടി നൽകില്ലെന്നും സജീവമായ പെർമിറ്റുകൾ ഉള്ളവർക്ക് മാത്രമേ നവംബർ 30 വരെയുള്ള ഇളവ് ലഭ്യമാകൂ എന്നും അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





