ഇ-ബൈക്കുകളുടെയും ഇ-സ്‌കൂട്ടറുകളുടെയും ഉപയോഗം കുത്തനെ കൂടിയതിന് പിന്നാലെ അപകടങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ, റോഡ് സുരക്ഷാ നിയമങ്ങളിൽ ശക്തമായ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ (എൻ.എൽ.) സർക്കാർ. ഇ-വാഹനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി ഹൈവേ ട്രാഫിക് ആക്ടിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സർക്കാരിന്റെ ‘engagenl.ca’ എന്ന പോർട്ടൽ വഴി പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.
സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കനുസരിച്ച് നിയമങ്ങളിലും മാറ്റം അനിവാര്യമാണെന്നും അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ഗവൺമെന്റ് സർവീസസ് മന്ത്രി മൈക്ക് ഗൂസ്‌നി പറഞ്ഞു. വരാനിരിക്കുന്ന സഭാ സമ്മേളനത്തിൽ (House of Assembly) ഇതുസംബന്ധിച്ച നിയമനിർമാണം കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കുട്ടികളിലും കൗമാരക്കാരിലും ഇ-സ്കൂട്ടർ അപകടങ്ങൾ ക്രമാതീതമായി ഉയരുന്നതിൽ കാനഡയിലെ ആരോഗ്യവിദഗ്ധരും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. കനേഡിയൻ പീഡിയാട്രിക് സൊസൈറ്റി നടത്തിയ സർവേ പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ ഇ-സ്‌കൂട്ടർ അപകടങ്ങളെത്തുടർന്ന് 10 മരണങ്ങളും 12 ഐ.സി.യു പ്രവേശശനങ്ങളും 26 ഗുരുതര ആശുപത്രിവാസങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പരിക്കേറ്റവരിൽ 47 ശതമാനം പേർക്കും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇ-സ്‌കൂട്ടറുകൾ വെറുമൊരു കളിപ്പാട്ടമല്ലെന്നും 16 വയസ്സിൽ താഴെയുള്ള കുട്ടികൾ ഇവ ഉപയോഗിക്കുന്നത് തടയണമെന്നും പാരാഷൂട്ട് കാനഡ പ്രസിഡന്റ് പമേല ഫ്യൂസെല്ലി വ്യക്തമാക്കുന്നു. പലരും ഹെൽമെറ്റ് ധരിക്കാതെയും റോഡ് നിയമങ്ങൾ പാലിക്കാതെയുമാണ് സഞ്ചരിക്കുന്നതെന്നും ഇത് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ടെന്നും ലാബ്രഡോർ വെസ്റ്റിലെ രക്ഷിതാക്കളും ചൂണ്ടിക്കാണിക്കുന്നു.
പരമ്പരാഗത സൈക്കിളുകളേക്കാൾ വേഗതയേറിയ ഇത്തരം മൈക്രോ-മോബിലിറ്റി വാഹനങ്ങളുടെ ഉപയോഗം കൂടിയെങ്കിലും വ്യക്തമായ നിയമങ്ങൾ ഇല്ലാത്തതാണ് സ്ഥിതി വഷളാക്കുന്നതെന്ന് കനേഡിയൻ ഓട്ടോമൊബൈൽ അസോസിയേഷൻ (സി.എ.എ.) പ്രതിനിധി ജൂലിയ കെന്റ് വ്യക്തമാക്കി. വാഹനം ഓടിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി, നിർബന്ധിത ഹെൽമെറ്റ് ഉപയോഗം, വേഗപരിധി, ഇവ ഉപയോഗിക്കാവുന്ന പാതകൾ എന്നിവയിൽ കൃത്യമായ മാനദണ്ഡങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ഒരുങ്ങുന്നത്. വെബ്‌സൈറ്റിന് പുറമെ ഇമെയിൽ (roadsafetyfeedback@gov.nl.ca), തപാൽ മാർഗങ്ങളിലൂടെയും പൊതുജനങ്ങൾക്ക് തങ്ങളുടെ സുരക്ഷാ നിർദേശങ്ങൾ സർക്കാരിന് സമർപ്പിക്കാം.
E-bike and e-scooter accidents on the rise: NL government seeks public opinion on new regulations
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla








