ഓൺലൈൻ ഫുഡ്, ഗ്രോസറി ഡെലിവറി മേഖലയിലെ ഗിഗ് തൊഴിലാളികൾക്ക് വേതന പരിഷ്കരണവുമായി ഓസ്ട്രേലിയ. രാജ്യത്തെ മിനിമം വേതന നിരക്കിനേക്കാൾ ഉയർന്ന മണിക്കൂർ വേതനവും ജോലിസമയത്തെ അപകട ഇൻഷുറൻസും ഉറപ്പാക്കുന്ന പുതിയ മാനദണ്ഡങ്ങൾക്ക് ഓസ്ട്രേലിയൻ വ്യാവസായിക ട്രിബ്യൂണലായ ഫെയർ വർക്ക് കമ്മീഷൻ (എഫ്.ഡബ്ല്യു.സി) അംഗീകാരം നൽകി. ഓഗസ്റ്റ് 17 മുതൽ പ്രാബല്യത്തിൽ വരുന്ന ഉത്തരവിന്റെ പ്രയോജനം രണ്ടര ലക്ഷത്തോളം ഡെലിവറി പങ്കാളികൾക്ക് ലഭിക്കും.
ട്രിബ്യൂണലിന്റെ പുതിയ ഉത്തരവ് അനുസരിച്ച് ഗിഗ് തൊഴിലാളികൾക്ക് ഇനി മുതൽ മണിക്കൂറിൽ കുറഞ്ഞത് 31.30 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 22.11 യു.എസ് ഡോളർ) വേതനമായി ലഭിക്കും. ഓസ്ട്രേലിയയിലെ ദേശീയ മിനിമം വേതന നിരക്കായ 26.44 ഓസ്ട്രേലിയൻ ഡോളറിനേക്കാൾ തുകയേറിയതാണ് ഈ നിരക്ക്. ഒരു ഓർഡർ സ്വീകരിക്കുന്നത് മുതൽ അത് ഉപഭോക്താവിന് എത്തിച്ചുനൽകുന്നത് വരെയുള്ള സമയം കണക്കാക്കിയാണ് ഈ വേതനം നൽകുക.
വേതന വർധനവിന് പുറമെ ഡെലിവറി ജീവനക്കാർക്ക് വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ നൽകാനും കമ്പനികൾ ബാധ്യസ്ഥരാണ്. അതേസമയം, വിതരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് ഉത്തരവാദിത്തം ജീവനക്കാർക്ക് തന്നെയായിരിക്കും. ഗിഗ് തൊഴിലാളികൾക്കായി അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ.എൽ.ഒ) വേതനം, സുരക്ഷ, സാമൂഹിക ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കുന്ന ചില തത്വങ്ങൾ അംഗീകരിച്ചതിന് പിന്നാലെയാണ് ഓസ്ട്രേലിയയുടെ ഈ നിർണായക മുന്നേറ്റം.
ട്രിബ്യൂണലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് തൊഴിൽ സംഘടനയായ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയനും (ടി.ഡബ്ല്യു.യു) പ്രമുഖ ആപ്പ് അധിഷ്ഠിത സേവന ദാതാക്കളായ യൂബർ ഈറ്റ്സ്, ഡോർഡാഷ് എന്നിവരും രംഗത്തെത്തി. ഓസ്ട്രേലിയൻ ഗിഗ് എക്കോണമിയുടെ ചരിത്ര നിമിഷമാണിതെന്ന് ടി.ഡബ്ല്യു.യു നാഷണൽ സെക്രട്ടറി മൈക്കൽ കെയ്ൻ വിശേഷിപ്പിച്ചു. പുതിയ നിയമങ്ങൾ തൊഴിലാളികളുടെ സുരക്ഷയ്ക്കും ആനുകൂല്യങ്ങൾക്കും വഴിയൊരുക്കുന്നതോടൊപ്പം ജോലിയിലെ സ്വാതന്ത്ര്യവും വഴക്കവും നിലനിർത്താൻ സഹായിക്കുമെന്ന് യൂബർ ഈറ്റ്സും ഡോർഡാഷും പ്രതികരിച്ചു.
നിലവിൽ സ്വതന്ത്ര കരാറുകാരായി കണക്കാക്കപ്പെടുന്നതിനാൽ മിക്ക തൊഴിൽ നിയമങ്ങളുടെയും ആനുകൂല്യങ്ങളിൽ നിന്ന് ഗിഗ് തൊഴിലാളികൾ പുറത്തായിരുന്നു. ഇതിനെതിരെ തൊഴിലാളികളും യൂണിയനുകളും വർഷങ്ങളായി ശക്തമായ പ്രക്ഷോഭത്തിലായിരുന്നു. തുടർന്ന്, ഓസ്ട്രേലിയയിലെ സെന്റർ-ലെഫ്റ്റ് ലേബർ ഗവൺമെന്റ് 2023-ലും 2024-ലും പാർലമെന്റിൽ കൊണ്ടുവന്ന പുതിയ തൊഴിൽ നിയമ ഭേദഗതികളാണ് ഗിഗ് ജീവനക്കാരുടെ വേതനവും തൊഴിൽ സാഹചര്യങ്ങളും നിശ്ചയിക്കാൻ ഫെയർ വർക്ക് കമ്മീഷന് പൂർണ്ണ അധികാരം നൽകിയത്.
Relief for delivery workers; Australia ensures minimum wage and insurance
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




