ജെറുസലേം: ഗാസയിലെ രക്തരൂഷിതമായ യുദ്ധത്തിന് വിരാമമിടാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പൂർണ്ണമായി തള്ളി. ‘ബോർഡ് ഓഫ് പീസ്’ എന്ന പേരിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപ് ഈ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ, ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഈ നിർദേശം നിരസിക്കുന്നതായി നെതന്യാഹു ഔദ്യോഗികമായി വ്യക്തമാക്കി. ഹമാസ് പൂർണ്ണമായും ആയുധങ്ങൾ വെച്ചു കീഴടങ്ങുകയും നിരായുധീകരണം സാധ്യമാകുകയും ചെയ്യുന്നത് വരെ ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കില്ലെന്ന് അദ്ദേഹം വ വ്യക്തമാക്കി. നിലവിൽ വെടിനിർത്തൽ ധാരണ നിലനിൽക്കുന്നുണ്ടെങ്കിലും ഗാസയിൽ ഇസ്രായേൽ സൈനിക ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് ഈ നിർണ്ണായക പ്രഖ്യാപനം.

2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് പലസ്തീന് നേരെ ഇസ്രായേൽ വ്യാപകമായ രീതിയിൽ യുദ്ധം ആരംഭിച്ചത്. മേഖലയിലെ സംഘർഷം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനുള്ള തൻ്റെ 15 ഇന പദ്ധതിയിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ മാസവും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ട്രംപിൻ്റെ ഈ നയതന്ത്ര അവകാശവാദങ്ങൾക്കും പരിശ്രമങ്ങൾക്കും കനത്ത തിരിച്ചടിയാണ് ഇസ്രായേലിൻ്റെ നിലവിലെ നിലപാട് സമ്മാനിച്ചിരിക്കുന്നത്. ഇസ്രായേലിൻ്റെ പിന്മാറ്റം അമേരിക്കയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയ പ്രതിസന്ധികൾക്ക് വഴിതുറന്നേക്കാം.
ഇസ്രായേലിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങളിൽ നിന്നും രാഷ്ട്രീയ അനുഭാവികളിൽ നിന്നും നേരിടുന്ന ശക്തമായ സമ്മർദ്ദമാണ് സമാധാന കരാർ നിരസിക്കാൻ നെതന്യാഹുവിനെ പ്രേരിപ്പിച്ചതെന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നെതന്യാഹു തൻ്റെ മുൻനിലപാടുകളിൽ അയവു വരുത്താതെ കൂടുതൽ കർശനമായ നയങ്ങൾ സ്വീകരിക്കുന്നത്. ആഭ്യന്തര രാഷ്ട്രീയ സുരക്ഷിതത്വത്തിന് മുൻഗണന നൽകുന്നതിലൂടെ ഗാസയിലെ സമാധാനശ്രമങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലാവുകയും മേഖലയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാകുകയും ചെയ്യുകയാണ്.
Netanyahu Rejects Trump’s Gaza ‘Board of Peace’ Plan
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




