ഒട്ടാവ: കനേഡിയൻ സാമ്പത്തിക മേഖലയ്ക്ക് ആശ്വാസമേകി രാജ്യത്ത് ജൂലൈ മാസത്തിൽ 75,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ തൊഴില്ലായ്മ നിരക്ക് 6.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തൊഴില്ലായ്മ നിരക്കാണിത്.
ഹോൾസെയിൽ, റീട്ടെയിൽ വ്യാപാര മേഖലകളിൽ മാത്രം 21,000 പുതിയ ജോലി അവസരങ്ങൾ രൂപപ്പെട്ടു. ഫുൾ ടൈം, പാർട്ട് ടൈം മേഖലകളിൽ ഒരുപോലെ മുന്നേറ്റം പ്രകടമാണ്. 25-നും 54-നും ഇടയിൽ പ്രായമുള്ളവരിലാണ് കൂടുതൽ തൊഴിൽ വളർച്ച രേഖപ്പെടുത്തിയത്, പ്രത്യേകിച്ച് വനിതകൾക്കിടയിൽ.
വിവിധ പ്രവിശ്യകളിൽ ഒന്റാറിയോ ആണ് തൊഴിൽ അവസരങ്ങൾ കൂടിയതിൽ മുന്നിൽ നിൽക്കുന്നത്. പ്രൊഫഷണൽ, സയന്റിഫിക്, ടെക്നിക്കൽ സേവന മേഖലകളിലായി 52,000 പുതിയ ജോലികൾ ഒന്റാറിയോയിൽ മാത്രം സൃഷ്ടിക്കപ്പെട്ടു. ബ്രിട്ടീഷ് കൊളംബിയ (18,000), മാനിറ്റോബ (5,900), നോവ സ്കോട്ടിയ (4,600) എന്നീ പ്രവിശ്യകളും മികച്ച വളർച്ച നേടി.
വിദഗ്ദ്ധരുടെ കണക്കുകൂട്ടലുകളെക്കാൾ ഉയർന്ന വളർച്ചയാണ് കനേഡിയൻ തൊഴിൽ വിപണി കാഴ്ചവെച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്കായുള്ള സമ്മർ ജോബ് മാർക്കറ്റിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് മുന്നേറ്റമുണ്ട്. 15 മുതൽ 24 വയസ്സുവരെയുള്ള യുവാക്കൾക്കിടയിലെ തൊഴില്ലായ്മ നിരക്കിലും ഗണ്യമായ കുറവുണ്ടായി.
തുടർച്ചയായ മൂന്നാം മാസമാണ് കാനഡയിൽ തൊഴിൽ വിപണി പോസിറ്റീവ് തരംഗം സൃഷ്ടിക്കുന്നത്. എന്നാൽ, അമേരിക്ക നടപ്പിലാക്കാൻ സാധ്യതയുള്ള പുതിയ താരിഫ് നയങ്ങളും വ്യാപാര തർക്കങ്ങളും വരും മാസങ്ങളിൽ ഈ വളർച്ചയ്ക്ക് വെല്ലുവിളിയായേക്കാമെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
75,000 new jobs in July; Canada's unemployment rate at a two-year low.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





