വാഷിംഗ്ടൺ: അമേരിക്കയിൽ ജന്മാവകാശ പൗരത്വം (Birthright Citizenship) നിയന്ത്രിക്കുന്നതിന്റെ ഭാഗമായി “ബെർത്ത് ടൂറിസം” പൂർണമായി നിരോധിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ചു. ഗർഭിണികളായ വിദേശികൾ അമേരിക്കയിലെത്തി കുഞ്ഞുങ്ങൾക്ക് ജന്മം നൽകി പൗരത്വം നേടിയെടുക്കുന്ന രീതി തടയുകയാണ് ഈ നീക്കത്തിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്. മുൻപ് പുറപ്പെടുവിച്ച പൗരത്വ നിയന്ത്രണ ഉത്തരവ് സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി തള്ളിയതിന് തൊട്ടുപിന്നാലെയാണ്, വാഷിംഗ്ടണിൽ വെച്ച് വ്യാഴാഴ്ച ട്രംപ് പുതിയ ഉത്തരവുകൾ പ്രഖ്യാപിച്ചത്.
അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം രാജ്യത്ത് ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവിക പൗരത്വം ലഭിക്കാറുണ്ട്. എന്നാൽ വിസ ദുരുപയോഗം ചെയ്ത് ഇത്തരം ആനുകൂല്യം നേടുന്നത് അനുവദിക്കില്ലെന്നും, വൈറ്റ് ഹൗസിൽ ഉത്തരവിൽ ഒപ്പുവെച്ച നിമിഷം മുതൽ ബെർത്ത് ടൂറിസത്തിനായുള്ള വിസ വിതരണം തടഞ്ഞതായും ട്രംപ് ഭരണകൂടം വ്യക്തമാക്കി. പുതിയ നിബന്ധനകൾ പ്രകാരം വിദേശ സർക്കാർ ജീവനക്കാരുടെയും, “alien enemies” എന്ന് അമേരിക്ക കണക്കാക്കുന്ന വ്യക്തികളുടെയും കുട്ടികൾക്ക് ലഭിച്ചിരുന്ന ചില അവകാശങ്ങളും റദ്ദാക്കപ്പെടും.
കുടിയേറ്റക്കാരുടെ മക്കൾക്ക് പൗരത്വം നൽകുന്നത് തടയാൻ ട്രംപ് മുൻപ് കൊണ്ടുവന്ന ഉത്തരവ് സുപ്രീം കോടതി തള്ളിയിരുന്നു. ഒൻപതംഗ കോടതിയിലെ ആറ് ജഡ്ജിമാരാണ് ട്രംപിന്റെ തീരുമാനത്തിനെതിരെ വിധിച്ചത്. പണ്ട് അടിമകളായിരുന്നവരുടെ മക്കൾക്ക് പൗരത്വം ഉറപ്പാക്കാൻ ഉണ്ടാക്കിയ നിയമം ഇപ്പോൾ പലരും ദുരുപയോഗം ചെയ്യുകയാണെന്നാണ് ട്രംപിന്റെ വാദം. എന്നാൽ പുതിയ ഉത്തരവ് കൂടി വന്നതോടെ, വിഷയം വീണ്ടും വലിയ നിയമപോരാട്ടങ്ങളിലേക്ക് നീങ്ങാനാണ് സാധ്യത.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Another change to US citizenship laws? Trump's new order bans birth tourism.





