കുലിയാക്കൻ (മെക്സിക്കോ): മെക്സിക്കോയിലെ സിൻലോവയിൽ സോഷ്യൽ മീഡിയ ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ പ്രശസ്ത ടിക്‌ടോക് ഇൻഫ്ലുവൻസറെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി. 5 ലക്ഷത്തിലധികം ടിക്‌ടോക് ഫോളോവേഴ്സുള്ള 25-കാരനായ സീസർ ഗാസ്റ്റേലം ആണ് കൊല്ലപ്പെട്ടത്. സംഘർഷങ്ങളും മയക്കുമരുന്ന് കാർട്ടലുകളുടെ അക്രമങ്ങളും പതിവായ സിൻലോവയിലെ കുലിയാക്കനിലാണ് സംഭവം.
സംഭവസമയത്ത് ഭക്ഷണ വിതരണ തൊഴിലാളികളുടെ വേഷം ധരിച്ച് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഒരു സോഷ്യൽ മീഡിയ ചലഞ്ചിന്റെ ഭാഗമായി ഗാസ്റ്റേലം ലൈവ് സംപ്രേഷണം നടത്തുകയായിരുന്നു. ഇതിനിടെ രണ്ട് പേർ സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിൾ ഇവർക്കരികിൽ എത്തുകയും പിന്നിലിരുന്നയാൾ ഗാസ്റ്റേലത്തിന്റെ തലയ്ക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് പുറത്തുവന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.
വെടിവെയ്പ്പിനെ തുടർന്ന് ലൈവ് സ്ട്രീം ഉടൻ അവസാനിപ്പിക്കപ്പെടുകയും പിന്നീട് പ്ലാറ്റ്ഫോം അത് നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ ആക്രമണത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. സംഭവത്തിൽ ഗാസ്റ്റേലം മരിച്ചതായി പ്രാദേശിക പൊലീസ് സ്ഥിരീകരിച്ചു. സിൻലോവ പ്രോസിക്യൂട്ടറുടെ ഓഫീസിന് സമീപത്തെ തിരക്കേറിയ ഷോപ്പിംഗ് പ്ലാസയിലാണ് ആക്രമണം നടന്നത്.
തുടർന്ന് സൈന്യവും പൊലീസും സ്ഥലത്തെത്തി സുരക്ഷ ശക്തമാക്കുകയും ഫോറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ച് മൃതദേഹം മാറ്റുകയും ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി സിൻലോവയിലെ ശക്തമായ മയക്കുമരുന്ന് കാർട്ടലിനുള്ളിലെ ആഭ്യന്തര സംഘർഷങ്ങൾ പ്രദേശത്തെ അക്രമം രൂക്ഷമാക്കിയിട്ടുണ്ട്. ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിട്ടവരടക്കം കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഡസനിലധികം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ സിൻലോവയിൽ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
mexican-influencer-killed-in-public-during-livestream
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





