ഷാർലറ്റ്ടൗൺ : മുതിർന്ന പൗരന്മാർക്ക് താങ്ങായി പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ സമ്മർസൈഡിൽ 60 ബെഡുകളുള്ള പുതിയ പാലിയേറ്റീവ്/ദീർഘകാല പരിചരണ കേന്ദ്രം ആരംഭിക്കുന്നു. 2029 വസന്തകാലത്തോടെ പ്രവർത്തനം തുടങ്ങാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ പ്രഖ്യാപനം ചൊവ്വാഴ്ചയാണ് പ്രവിശ്യാ സർക്കാർ നടത്തിയത്. സ്വകാര്യ സ്ഥാപനമായ ‘എൻഹാൻസ്ഡ് ലിവിംഗ്’ ആണ് ഈ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല വഹിക്കുക. അടിസ്ഥാന സൗകര്യങ്ങൾക്കും ദൈനംദിന പ്രവർത്തനങ്ങൾക്കുമായി അടുത്ത 30 വർഷത്തേക്ക് പ്രതിവർഷം 7.4 മില്യൺ ഡോളർ വീതം സർക്കാർ നൽകും.
സംസ്ഥാനത്തുടനീളം 175 പുതിയ ദീർഘകാല പരിചരണ ബെഡുകൾ ലഭ്യമാക്കുമെന്ന സർക്കാരിന്റെ ഉറപ്പിന്റെ ഭാഗമായാണ് ഈ നടപടി. ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങളിൽ നേരിടുന്ന തിരക്കിനും നീണ്ട കാത്തിരിപ്പിനും പ്രധാന കാരണം ദീർഘകാല പരിചരണം ആവശ്യമുള്ള രോഗികൾക്ക് കിടക്കകൾ ലഭിക്കാത്തതാണെന്ന് പി.ഇ.ഐ ആരോഗ്യ മന്ത്രി കോറി ഡീഗിൾ പറഞ്ഞു. സമ്മർസൈഡ് വളരുന്നതിനനുസരിച്ച് മുതിർന്ന പൗരന്മാർക്ക് സ്വന്തം നാടുകളിൽ തന്നെ ആവശ്യമായ പരിചരണം ലഭ്യമാക്കാൻ ഈ പദ്ധതി വലിയ ആശ്വാസമാകുമെന്ന് മേയർ ഡാൻ കുട്ടർ വ്യക്തമാക്കി.
പുതിയ കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശം വിട്ടുപോകാതെ തന്നെ വയോജനങ്ങൾക്ക് സ്വന്തം കുടുംബത്തോടും നാടിനോടും ചേർന്നുനിൽക്കാൻ സാധിക്കുമെന്ന് എൻഹാൻസ്ഡ് ലിവിംഗ് നഴ്സിംഗ് ഡയറക്ടർ സാമന്ത ഗൗഡെറ്റ് പറഞ്ഞു. പ്രാദേശികമായി കൂടുതൽ പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കാനും ഇത് വഴിമരുന്നിടും. കേന്ദ്രം സ്ഥാപിക്കാനുള്ള സ്ഥലം നിശ്ചയിച്ചിട്ടുണ്ടെന്നും ഇതിന്റെ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.
PEI government makes major investment in senior care; new long-term care home in Summerside
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




