ഷാർലറ്റ്ടൗൺ : നോവ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് പ്രവിശ്യകളിൽ പുതിയ ഫോൺ ഏരിയ കോഡ് അവതരിപ്പിക്കാൻ കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (CRTC) തീരുമാനിച്ചു. നിലവിലുള്ള ‘902’, ‘782’ എന്നീ ഏരിയ കോഡുകൾക്ക് പുറമെ ‘851’ എന്ന പുതിയ ഏരിയ കോഡ് കൂടിയാണ് മേഖലയിൽ വരുന്നത്. 2028 മേയ് 27 മുതലാകും പുതിയ കോഡ് പ്രാബല്യത്തിൽ വരികയെന്നും 2029 ഫെബ്രുവരിയോടെ മാറ്റങ്ങൾ പൂർണ്ണമാകുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ ആളുകൾ ഉപയോഗിക്കുന്ന ഫോൺ നമ്പറുകൾക്കോ ലോക്കൽ കോൾ നിരക്കുകൾക്കോ മാറ്റമുണ്ടാകില്ലെങ്കിലും പുതിയ ഏരിയ കോഡിനോട് പ്രദേശവാസികളിൽ ചിലർക്ക് അതൃപ്തിയുണ്ട്.
പരിചിതമായ കോഡുകൾക്ക് പകരം പുതിയ നമ്പറുകൾ കാണുമ്പോൾ തട്ടിപ്പ് കോളുകളാണെന്ന് സംശയിക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. നിലവിൽ ഉപയോഗിക്കുന്ന ‘782’ ഏരിയ കോഡിലെ നമ്പറുകളുടെ ലഭ്യത കുറഞ്ഞതാണ് പുതിയ കോഡ് അവതരിപ്പിക്കാൻ കാരണമെന്ന് കനേഡിയൻ നമ്പറിംഗ് അഡ്മിനിസ്ട്രേറ്റർ ഡേവിഡ് കോംറി അറിയിച്ചു. അതേസമയം പ്രിൻസ് എഡ്വേർഡ് ഐലൻഡിന് മാത്രമായി പ്രത്യേക ഏരിയ കോഡ് നൽകാത്തതിനെപ്പറ്റിയുള്ള ചോദ്യത്തിന്, അങ്ങനെ ചെയ്താൽ പ്രദേശവാസികളിൽ പകുതിയോളം പേർക്ക് നമ്പറുകൾ മാറ്റേണ്ടി വരുമെന്നും അത് ബിസിനസുകളെയും മറ്റും ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പണ്ട് ഒരു വീട്ടിൽ ഒരു ലാൻഡ്‌ലൈൻ ഫോൺ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഒരാൾക്ക് തന്നെ ഒന്നിലധികം മൊബൈൽ ഫോണുകളും ഉപകരണങ്ങളും ഉള്ളതാണ് ഏരിയ കോഡുകൾ വേഗത്തിൽ തീരാൻ കാരണം. വടക്കേ അമേരിക്കൻ ടെലികോം ശൃംഖലയിൽ ആകെയുള്ള എണ്ണൂറോളം ഏരിയ കോഡുകൾ അനാവശ്യമായി ചെലവഴിക്കാതെ സംരക്ഷിക്കാനാണ് ഇരു പ്രവിശ്യകൾക്കും ചേർന്ന് ഒരൊറ്റ കോഡ് നൽകുന്നത്. 2055 ഓടെ ലഭ്യമായ എല്ലാ ഏരിയ കോഡുകളും തീർന്നുപോകാൻ സാധ്യതയുണ്ടെന്നും, അതിനുശേഷം മൊത്തം ഫോൺ സംവിധാനത്തിൽ വലിയ പരിഷ്കാരങ്ങൾ വരുത്തേണ്ടി വരുമെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
Nova Scotia and P.E.I. to add third area code; change effective May 2028
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




