വാഷിങ്ടൺ : പുതിയ താരിഫ് പ്രഖ്യാപനത്തിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിനെതിരെ നിയമപോരാട്ടവുമായി 25 സ്റ്റേറ്റ്സ്. ഫെബ്രുവരിയിൽ സുപ്രീം കോടതി റദ്ദാക്കിയ ഇറക്കുമതി നികുതികൾക്ക് പകരമായി വ്യാജ കാരണങ്ങൾ ഉയർത്തി പുതിയ നികുതിഭാരം അടിച്ചേൽപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് സ്റ്റേറ്റ്സ് തിങ്കളാഴ്ച കോടതിയെ സമീപിച്ചത്.
നിർബന്ധിത തൊഴിൽ (Forced Labor) തടയുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് 59 രാജ്യങ്ങൾക്കും യൂറോപ്യൻ യൂണിയനും മേൽ കഴിഞ്ഞ മാസമാണ് അമേരിക്ക രണ്ടക്ക താരിഫ് ഏർപ്പെടുത്തിയത്. മുൻപ് താൽക്കാലികമായി നടപ്പാക്കിയ താരിഫിന്റെ കാലാവധി അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നികുതി പ്രാബല്യത്തിൽ വന്നത്. സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ടതോടെ, ജനങ്ങളുടെയും ബിസിനസുകളുടെയും മേൽ ഭരണകൂടം വീണ്ടും നിയമവിരുദ്ധമായി നികുതി ചുമത്തുകയാണെന്ന് ഹർജിക്ക് നേതൃത്വം നൽകിയ ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിറ്റിയ ജെയിംസ് പറഞ്ഞു.
ന്യൂയോർക്കിന് പുറമെ അരിസോണ, കാലിഫോർണിയ, കൊളറാഡോ, കണക്റ്റിക്കട്ട്, ഡെലവെയർ, ഹവായ്, ഇല്ലിനോയിസ്, കെന്റക്കി, മാസച്യുസെറ്റ്സ്, മേരിലാൻഡ്, മെയ്ൻ, മിഷിഗൺ, മിനസോട്ട, നെവാഡ, ന്യൂജേഴ്സി, ന്യൂമെക്സിക്കോ, നോർത്ത് കരോലിന, ഒറിഗോൺ, പെൻസിൽവാനിയ, റോഡ് ഐലൻഡ്, വെർജീനിയ, വെർമോണ്ട്, വാഷിംഗ്ടൺ, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങളാണ് സംയുക്തമായി നിയമനടപടി സ്വീകരിച്ചത്.
അമേരിക്കയിലെ വ്യാപാരക്കമ്മി ദേശീയ അടിയന്തരാവസ്ഥയാണെന്ന് പ്രഖ്യാപിച്ച് 1977-ലെ ‘ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട്’ (IEEPA) ഉപയോഗിച്ചാണ് ട്രംപ് മുൻപ് താരിഫുകൾ ഉയർത്തിയത്. എന്നാൽ ഈ നിയമത്തിന് കീഴിൽ താരിഫ് ചുമത്താൻ അധികാരമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, വ്യാപാരികളിൽ നിന്ന് ഈടാക്കിയ തുക തിരിച്ചുകൊടുക്കാൻ ഉത്തരവിട്ടിരുന്നു. തുടർന്ന് കൊണ്ടുവന്ന 10 ശതമാനം താൽക്കാലിക താരിഫ് ജൂലൈ 24 അർദ്ധരാത്രിയോടെ അവസാനിച്ചതോടെയാണ് 1974-ലെ ട്രേഡ് ആക്റ്റിലെ ‘സെക്ഷൻ 301’ പ്രകാരം ഭരണകൂടം പുതിയ ഉത്തരവിറക്കിയത്.
അമേരിക്കൻ ഇറക്കുമതിയുടെ 99 ശതമാനത്തെയും ബാധിക്കുന്ന രീതിയിൽ 10 മുതൽ 12.5 ശതമാനം വരെയാണ് പുതിയ നികുതി നിരക്ക്. രാജ്യത്തിന്റെ വ്യാപാര താല്പര്യങ്ങൾ സംരക്ഷിക്കാൻ ഈ നിയമനടപടി ആവശ്യമാണെന്ന് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി വ്യക്തമാക്കി. അതേസമയം, കൃത്യമായ തെളിവുകളില്ലാതെയാണ് നികുതി പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂലൈയിൽ ചെറുകിട വ്യവസായികളും അന്താരാഷ്ട്ര വ്യാപാര കോടതിയെ സമീപിച്ചിരുന്നു.
New tariff policy: 25 US states file lawsuit against Trump administration
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




