മോസ്കോ: റഷ്യയുടെ തെക്കൻ മേഖലയായ ക്രാസ്‌നോദാർ പ്രദേശത്തെ ബ്ലാക്ക് സീ തീരത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ അർഖിപോ-ഒസിപ്പോവ്ക (Arkhipo-Osipovka) ബീച്ചിൽ ഡ്രോൺ പതിച്ച് മൂന്ന് കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം. സംഭവത്തിൽ 40 പേർക്ക് പരിക്കേറ്റതായും, ഇതിൽ 17 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ക്രാസ്‌നോദാർ ഗവർണർ വെനിയാമിൻ കൊണ്ട്രാറ്റ്യോവ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ, തീരത്തും കടലിലും വിനോദസഞ്ചാരികൾ ഉണ്ടായിരിക്കെ ഒരു ഡ്രോൺ പാറക്കെട്ടിന് സമീപം അതിവേഗത്തിൽ എത്തി ബീച്ചിൽ പതിച്ച് വലിയ സ്ഫോടനമുണ്ടാകുന്നതായി കാണാം.
സംഭവത്തിന് പിന്നാലെ ഗവർണർ കൊണ്ട്രാറ്റ്യോവ്, സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടുള്ള “മനപ്പൂർവമായ ആക്രമണമാണ്” ഇതെന്ന് ആരോപിച്ച് യുക്രെയ്നിനെ കുറ്റപ്പെടുത്തി. എന്നാൽ യുക്രെയ്ന്‍ ഇതുവരെ സംഭവത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സാധാരണ ജനങ്ങളെ മനപ്പൂർവം ലക്ഷ്യമിടുന്നില്ലെന്നാണ് ഇരുരാജ്യങ്ങളും ആവർത്തിച്ച് വ്യക്തമാക്കുന്നത്. ഡ്രോണിന്റെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നുവെന്നത് വ്യക്തമല്ല. ചില യുക്രെയ്‌നിയൻ ടെലഗ്രാം ചാനലുകൾ, ഇലക്ട്രോണിക് ജാമിംഗ് മൂലം ഡ്രോണിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് ബീച്ചിൽ പതിക്കാൻ കാരണമെന്നാണ് വ്യക്തമാക്കുന്നത്.
അതേസമയം, സ്ഫോടനത്തിന് മുമ്പ് മെഷീൻഗൺ വെടിയൊച്ച കേട്ടതായി പ്രദേശവാസികളും വിനോദസഞ്ചാരികളും റഷ്യൻ മാധ്യമങ്ങളോട് പറഞ്ഞു. ഡ്രോൺ തകർക്കാൻ വ്യോമപ്രതിരോധ സേന ശ്രമിച്ചിരിക്കാമെന്നാണ് ഇതിൽ നിന്ന് സൂചന. ആക്രമണത്തിന് മുമ്പ് മുന്നറിയിപ്പ് സൈറൺ മുഴങ്ങിയില്ലെന്നാണ് ബീച്ചിലുണ്ടായിരുന്നവർ പറയുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ റഷ്യൻ അതിർത്തിക്കുള്ളിൽ ആക്രമണങ്ങൾ നടത്തുന്നതിൽ യുക്രെയ്ന്‍ കൂടുതൽ വിജയിച്ചിട്ടുണ്ട്. സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതായി അവകാശപ്പെടുന്ന ഊർജ്ജ-ലോജിസ്റ്റിക് കേന്ദ്രങ്ങളും വെയർഹൗസുകളും യുക്രെയ്ന്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് കീവ് പറയുന്നത്. അതേസമയം, 2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതുമുതൽ റഷ്യ യുക്രെയ്നിലെ നഗരങ്ങളും പാർപ്പിട മേഖലകളും നിരന്തരം ആക്രമിച്ചുവരികയാണെന്നും, ആയിരക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും അന്താരാഷ്ട്ര റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ശനിയാഴ്ച റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ കീവിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. അടുത്തിടെ ക്രിവി റിഹ് മേഖലയിലെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ പത്ത് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. അടുത്തിടെ റഷ്യയിലെ പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനമായ വൈൽഡ്ബെറീസ് (Wildberries)-ന്റെ നിരവധി വെയർഹൗസുകളും യുക്രെയ്ന്‍ ലക്ഷ്യമിട്ടിരുന്നു. സൈനിക വിതരണത്തിനായി ഈ കേന്ദ്രങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് യുക്രെയ്ന്റെ ആരോപണം. എന്നാൽ ഈ ആരോപണം റഷ്യ നിഷേധിക്കുന്നുണ്ട്.
Seven dead, including children, after drone crashes on Russian beach; 40 injured.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





