ഏഥൻസ്: ഗ്രീസിലെ ഏഥൻസിന് പടിഞ്ഞാറൻ മേഖലയിലുണ്ടായ ശക്തമായ കാട്ടുതീ അണയ്ക്കുന്നതിനിടെ രണ്ട് അഗ്നിശമന ഹെലികോപ്റ്ററുകൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പ്സാത്ത തീരപ്രദേശത്തിന് സമീപം തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഒരു ഗ്രീക്ക് പൗരനും ഡെൻമാർക്ക് സ്വദേശിയുമാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുരന്തത്തിന് പിന്നാലെ അഞ്ച് വിമാനങ്ങളും അഞ്ച് ഹെലികോപ്റ്ററുകളും 500-ഓളം അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച ആരംഭിച്ച തീപിടിത്തം ശക്തമായ കാറ്റിൽ പൈൻ വനങ്ങളിലേക്കും കുറ്റിക്കാടുകളിലേക്കും വേഗത്തിൽ പടരുകയായിരുന്നു. സുരക്ഷ മുൻനിർത്തി ആയിരത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തീരപ്രദേശത്തിന് സമീപം ആയതിനാൽ ഇതിൽ 250-ഓളം പേരെ ബോട്ടുകളിലാണ് രക്ഷപ്പെടുത്തിയത്. കാറ്റാടി നിലയത്തിൽ നിന്നുള്ള വൈദ്യുതി ലൈനിലെ തകരാറും തീപ്പൊരിയുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പദ്ധതിയുടെ ഇലക്ട്രിക്കൽ എൻജിനീയറെയും കരാറുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കടുത്ത ചൂടും വരണ്ട കാലാവസ്ഥയും കാരണം ഗ്രീസിൽ കാട്ടുതീ ഭീഷണി രൂക്ഷമായി തുടരുകയാണ്. ഇതിനുപുറമെ ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും കാട്ടുതീ പടർന്നുപിടിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ഈ രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെയാണ് ഇതുവരെ ഒഴിപ്പിച്ചത്. നിലവിൽ കാറ്റിന്റെ ശക്തി കുറഞ്ഞത് ഗ്രീസിൽ രക്ഷാപ്രവർത്തനത്തിന് ആശ്വാസമാകുന്നുണ്ടെങ്കിലും, ചൂട് ഇനിയും ഉയരുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Two killed in helicopter collision while battling wildfires in Greece.





