പ്സാത്ത; ഗ്രീസിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ രണ്ട് അഗ്നിശമന ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് തകർന്നു വീണു. തലസ്ഥാനമായ ഏഥൻസിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ പടിഞ്ഞാറുള്ള പ്സാത്ത (Psatha) മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഒരു ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് മറ്റൊന്നിൽ തട്ടിയതോടെ അതിൽ തീപിടിക്കുകയും പിന്നാലെ രണ്ട് ഹെലികോപ്റ്ററുകളും സമീപത്തെ കൊക്കയിലേക്ക് നിയന്ത്രണംവിട്ട് പതിക്കുകയുമായിരുന്നു.
അപകടസമയത്ത് നാല് ജീവനക്കാരാണ് ഹെലികോപ്റ്ററുകളിലുണ്ടായിരുന്നത്. ഇവരിൽ രണ്ട് പേരെ അബോധാവസ്ഥയിൽ കണ്ടെത്തിയതായാണ് ഗ്രീക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റ് രണ്ട് പേർക്ക് നിസാര പരിക്കുകളാണുള്ളത്. രണ്ട് ഗ്രീക്ക് സ്വദേശികളും രണ്ട് റൊമാനിയൻ സ്വദേശികളും ഉൾപ്പെട്ട സംഘത്തെ ഏഥൻസിലെ 251-ാമത് എയർ ഫോഴ്‌സ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസങ്ങളിലായി ഗ്രീസിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ കാട്ടുതീ പടരുകയാണ്. ശക്തമായ കാറ്റ് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളെ കൂടുതൽ ദുഷ്‌കരമാക്കിയിട്ടുണ്ട്. പോർട്ടോ ജെർമേനോ, പ്സാത്ത, ഫോകിഡ, മെഗാര, കെഫലോണിയ തുടങ്ങിയ പ്രദേശങ്ങളിൽ 500-ലധികം അഗ്നിശമന സേനാംഗങ്ങൾ കഴിഞ്ഞ 72 മണിക്കൂറായി തീ നിയന്ത്രണത്തിലാക്കാൻ കഠിന പരിശ്രമം നടത്തുകയാണെന്നാണ് റിപ്പോർട്ട്.
അതേസമയം, യൂറോപ്പിലെ മറ്റ് രാജ്യങ്ങളും കാട്ടുതീയുടെ രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ്. ഫ്രാൻസിലും സ്പെയിനിലും ഈ ആഴ്ച വലിയ കാട്ടുതീ പടർന്നിരുന്നു. മാഡ്രിഡിനും ബോർഡോക്സിനും സമീപമുള്ള പ്രധാന തീപിടിത്തങ്ങൾ നിയന്ത്രണവിധേയമായെങ്കിലും പൂർണമായും അണഞ്ഞിട്ടില്ല. തീപിടിത്തത്തെ തുടർന്ന് ഒഴിപ്പിക്കപ്പെട്ട ഏകദേശം മൂന്ന് ലക്ഷം പേർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഭൂരിഭാഗം കാട്ടുതീകളും മനുഷ്യരുടെ അശ്രദ്ധ കൊണ്ടോ, മനഃപൂർവമായ പ്രവർത്തനങ്ങൾ മൂലമൊക്കെ ആയിട്ടാണ് ഉണ്ടാകുന്നത്.
എന്നാൽ കാലാവസ്ഥാ വ്യതിയാനം ഇത്തരം തീപിടിത്തങ്ങൾക്ക് അനുകൂലമായ സാഹചര്യം വർധിപ്പിക്കുകയാണ്. കഴിഞ്ഞ ശൈത്യകാലത്ത് ലഭിച്ച മഴയെ തുടർന്ന് വളർന്ന സസ്യങ്ങൾ തുടർച്ചയായ ഉഷ്ണതരംഗങ്ങളിൽ ഉണങ്ങിപ്പോയതും കാട്ടുതീ അതിവേഗം വ്യാപിക്കാൻ കാരണമായതായി വിലയിരുത്തപ്പെടുന്നുണ്ട്.
Major accident during wildfire control operations; helicopters crash in Greece.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





