നാസ്ക: പെറുവിൽ വിനോദസഞ്ചാരികളുമായി പറന്ന ചെറുവിമാനം തകർന്നു വീണ് 13 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച നാസ്ക നഗരത്തിന് പുറത്തുള്ള വയലിലേക്കാണ് വിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 11 വിദേശ വിനോദസഞ്ചാരികളും രണ്ട് ജീവനക്കാരുമാണ് അപകടത്തിൽ മരണപ്പെട്ടതെന്ന് പെറുവിയൻ വ്യാപാര-വിനോദസഞ്ചാര മന്ത്രാലയം സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട വിദേശ സഞ്ചാരികളിൽ ഏഴ് ഇറ്റാലിയൻ പൗരന്മാരും രണ്ട് ജർമ്മൻ പൗരന്മാരും രണ്ട് സ്പാനിഷ് പൗരന്മാരുമാണ് ഉള്ളതെന്ന് പെറുവിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ അജീൻസിയ അൻഡിന റിപ്പോർട്ട് ചെയ്തു. നാസ്കയ്ക്ക് സമീപമുള്ള ഇക്ക നഗരത്തിൽ നിന്ന് സർവീസ് ആരംഭിച്ച ‘ഏറോഡിയാന’ എന്ന പ്രാദേശിക വിമാന കമ്പനിയുടെ Cessna Grand Caravan വിമാനമാണ് അപകടത്തിൽപ്പെട്ടത്.
പ്രശസ്തമായ പുരാവസ്തു കേന്ദ്രമായ ‘നാസ്ക ലൈൻസ്’ ആകാശക്കാഴ്ചയായി കാണാൻ സഞ്ചാരികളുമായി പോയതായിരുന്നു വിമാനം. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പെറുവിയൻ അധികൃതർ അറിയിച്ചു. ദുരന്തത്തെക്കുറിച്ച് പ്രതികരിക്കാൻ ഏറോഡിയാന കമ്പനി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
13 dead in tourist plane crash in Peru; 11 foreigners among those killed
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




