റോം: റോഡുകളോ വൈദ്യുതിയോ മൊബൈൽ ഫോൺ ശൃംഖലയോ സ്ഥിരതാമസക്കാരോ ഇല്ലാത്ത ഇറ്റലിയിലെ പാൽമറോള ദ്വീപ് പ്രകൃതിസൗന്ദര്യവും ചരിത്രപാരമ്പര്യവും കൊണ്ട് ലോകത്തിന്റെ ശ്രദ്ധ നേടുന്നു. റോമിന് പടിഞ്ഞാറായി ടൈറേനിയൻ കടലിൽ സ്ഥിതിചെയ്യുന്ന ഈ അഗ്നിപർവത ദ്വീപ് ആധുനിക വികസനങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന അപൂർവ വിനോദസഞ്ചാര കേന്ദ്രമായാണ് അറിയപ്പെടുന്നത്.

ദ്വീപിലേക്ക് നേരിട്ടുള്ള ഫെറി സർവീസോ തുറമുഖമോ ഇല്ല. റോമിൽ നിന്ന് അൻസിയോ തുറമുഖം വഴിയും തുടർന്ന് പൊൻസ ദ്വീപിൽ നിന്ന് സ്വകാര്യ ബോട്ടിലുമാണ് പാൽമറോളയിലെത്താൻ കഴിയുക. അനുകൂല കാലാവസ്ഥയുള്ള ദിവസങ്ങളിൽ മാത്രമാണ് യാത്ര സാധ്യമാകുന്നത്.
ദ്വീപിൽ ഒരു റസ്റ്റോറന്റും മത്സ്യത്തൊഴിലാളികൾ ഉപയോഗിച്ചിരുന്ന ഗുഹകൾ നവീകരിച്ച് ഒരുക്കിയ പരിമിതമായ താമസസൗകര്യങ്ങളും മാത്രമാണുള്ളത്. അഗ്നിപർവത പാറക്കെട്ടുകൾ, കടൽഗുഹകൾ, തെളിഞ്ഞ ജലാശയങ്ങൾ, പിങ്ക് നിറമുള്ള പവിഴക്കല്ലുകൾ നിറഞ്ഞ തീരം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. സ്നോർക്കലിങ്, സ്കൂബാ ഡൈവിങ്, ബോട്ടിങ്, മലകയറ്റം എന്നിവയ്ക്കായി സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളെപ്പോലെ വലിയ തിരക്ക് ഇവിടെ അനുഭവപ്പെടാറില്ല.
ദ്വീപിലെ നടപ്പാതകൾ മധ്യകാല സന്യാസിമഠത്തിന്റെ അവശിഷ്ടങ്ങളിലേക്കും ചരിത്രാതീത മനുഷ്യവാസത്തിന്റെ തെളിവുകളിലേക്കും എത്തിച്ചേരുന്നു. പുരാതനകാലത്ത് ആയുധങ്ങളും ഉപകരണങ്ങളും നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന ഒബ്സിഡിയൻ ശില തേടിയാണ് മനുഷ്യർ ഇവിടെ എത്തിയിരുന്നതെന്ന് പ്രാദേശിക ചരിത്രകാരൻ സിൽവേറിയോ കാപ്പോൺ പറയുന്നു. പിന്നീട് റോമൻ സാമ്രാജ്യം കടൽനിരീക്ഷണ കേന്ദ്രമായി ദ്വീപ് ഉപയോഗിച്ചിരുന്നെങ്കിലും സ്ഥിരമായ അധിവാസം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആറാം നൂറ്റാണ്ടിലെ മാർപാപ്പയായ വിശുദ്ധ സിൽവേറിയസുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ഈ ദ്വീപിന് ചരിത്രപ്രാധാന്യം നൽകുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ജൂണിൽ പൊൻസ ദ്വീപിൽ നിന്ന് പ്രത്യേക തീർഥയാത്രയും നടത്താറുണ്ട്.
പ്രകൃതിയും ചരിത്രവും ആത്മീയ പാരമ്പര്യവും ഒരുമിക്കുന്ന പാൽമറോള, ആധുനിക ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് വിട്ടുനിൽക്കുന്ന ശാന്തമായ യാത്രാനുഭവം തേടുന്നവർക്ക് ഇറ്റലിയിലെ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറുകയാണ്.
The Italian paradise island with no roads, no phone signal – and almost no tourists
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





