ടൊറന്റോ: ടൊറന്റോയിലുള്ള യു.എസ് കോൺസുലേറ്റ് മന്ദിരത്തിന് മുന്നിൽ തിങ്കളാഴ്ച പുലർച്ചെ വെടിവെപ്പുണ്ടായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെ 4:45-ഓടെ യൂണിവേഴ്സിറ്റി, ക്വീൻ സ്ട്രീറ്റുകൾക്ക് സമീപമുള്ള കോൺസുലേറ്റ് കെട്ടിടത്തിന് പുറത്തുനിന്നാണ് ഒരു ബുള്ളറ്റ് കെയ്‌സ് പോലീസ് കണ്ടെടുത്തത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസ് യൂണിവേഴ്സിറ്റി അവന്യൂവിന്റെ തെക്കുഭാഗത്തേക്കുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്.
കോൺസുലേറ്റ് മന്ദിരത്തെ ലക്ഷ്യമിട്ടാണോ അതോ സമീപപ്രദേശത്താണോ വെടിവെപ്പ് നടന്നതെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വെടിവെപ്പിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഒരു വെള്ള സെഡാൻ കാർ വേഗത്തിൽ ഓടിച്ചുപോകുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ, സംശയിക്കപ്പെടുന്ന വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിൽ പ്രദേശത്ത് ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
നാല് മാസങ്ങൾക്ക് മുമ്പ്, അതായത് മാർച്ച് 10-നും ഈ യു.എസ് കോൺസുലേറ്റിന് നേരെ വെടിവെപ്പ് നടന്നിരുന്നു. ക്വട്ടേഷൻ സംഘങ്ങൾ യുവാക്കളെ പണം നൽകി ഏർപ്പാടാക്കി ചെയ്യിച്ചതാണ് അന്നത്തെ അക്രമമെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആ കേസിൽ ഉൾപ്പെട്ട പ്രധാന പ്രതികളെല്ലാം നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും അതേ സ്ഥലത്ത് വെടിവെപ്പുണ്ടായിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Shooting outside the U.S. Consulate in Toronto: Traffic in the area temporarily suspended.






