ഒരേ വീട്ടിൽ താമസിക്കുന്നു, ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നു, മൂന്ന് മക്കളെ ഒരുമിച്ച് വളർത്തുന്നു… പക്ഷെ, ഭർത്താവ് ഭാര്യയോട് മിണ്ടിയിട്ട് 20 വർഷങ്ങളായി. സംഭവം ഇവടെയല്ല അങ് ജപ്പാനിൽ. ഹോക്കൈഡോ സ്വദേശികളായ ഓകുവോ കതായാമ – യുമി കതായാമ ദമ്പതികൾക്കിടയിലാണ് 20 വർഷം നീണ്ട ഈ അപൂർവ്വ നിശബ്ദത നിലനിന്നിരുന്നത്. ഒരേ വീട്ടിൽ താമസിച്ച് മൂന്ന് മക്കളെ ഒരുമിച്ച് വളർത്തുകയും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നെങ്കിലും, ഭാര്യയോട് സംസാരിക്കാൻ ഓകുവോ തയ്യാറായിരുന്നില്ല. മാതാപിതാക്കൾ പരസ്പരം സംസാരിക്കുന്നത് കണ്ടിട്ടേയില്ലെന്ന് വ്യക്തമാക്കി ഇവരുടെ 18 വയസ്സുകാരനായ മകൻ യോഷികി ഒരു ടെലിവിഷൻ പരിപാടിയെ സമീപിച്ചതോടെയാണ് വാർത്ത പുറ ലോകമറിയുന്നത്.
കുടുംബത്തിൽ മറ്റ് തർക്കങ്ങളോ വഴക്കുകളോ ഇല്ലാതിരുന്നിട്ടും ഭർത്താവ് പുലർത്തിയ അകൽച്ചയുടെ കാരണം ഭാര്യയ്ക്കോ മക്കൾക്കോ അറിയുമായിരുന്നില്ല. യുമി പലപ്പോഴും സംസാരിക്കാൻ ശ്രമിച്ചെങ്കിലും തലയാട്ടലിലും മൂളലിലും മാത്രമായി ഓകുവോ പ്രതികരണം ഒതുക്കി. ഒടുവിൽ ടെലിവിഷൻ അണിയറപ്രവർത്തകർ നടത്തിയ ഇടപെടലിലാണ് ഈ ദീർഘകാല പിണക്കത്തിന് പിന്നിലെ കാരണം വെളിപ്പെട്ടത്. മക്കളുടെ വരവോടെ ഭാര്യ തന്നെ അവഗണിക്കുന്നുവെന്ന തോന്നലിൽ നിന്നുള്ള അസൂയയും വിഷമവുമാണ് സംസാരിക്കാതിരിക്കാൻ കാരണമെന്ന് ഓകുവോ തന്നെ തുറന്നുപറഞ്ഞു.
തുടർന്ന് പ്രശ്നപരിഹാരത്തിനായി ഇരുവരുടെയും ആദ്യ ഡേറ്റിംഗ് നടന്ന പാർക്കിൽ വെച്ച് ടെലിവിഷൻ അധികൃതർ പ്രത്യേക കൂടിക്കാഴ്ച സംഘടിപ്പിച്ചു. മക്കളുടെ സാന്നിധ്യത്തിൽ നടന്ന സംഭാഷണത്തിൽ, കുടുംബത്തിനായി ചെയ്ത ത്യാഗങ്ങൾക്ക് ഓകുവോ ഭാര്യയോട് നന്ദി പറയുകയും തന്റെ പെരുമാറ്റത്തിലെ തെറ്റ് സമ്മതിക്കുകയും ചെയ്തു. ഇനിമുതൽ സാധാരണ രീതിയിൽ സംസാരിക്കാമെന്ന് ഇരുവരും സമ്മതിച്ചതോടെ രണ്ടു പതിറ്റാണ്ട് നീണ്ട നിശബ്ദതയ്ക്ക് വിരാമമായി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Husband estranged from wife for 20 years; children shocked by the reason, social media left dumbfounded.






