മോസ്കോ: കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജൂലൈ 18-ന് റഷ്യൻ സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കവെ ‘എംവി ഒമോർഫി’ (MV OMORFI) എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ആക്രമണത്തിൽ മരിച്ച വ്യക്തിയുടെ കുടുംബത്തിന് മന്ത്രാലയം കടുത്ത അനുശോചനം അറിയിച്ചു.
സംഭവ സമയത്ത് മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 10 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിലുണ്ടായിരുന്ന മറ്റ് രണ്ട് ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് വിവരങ്ങൾ ലഭ്യമായതായി മന്ത്രാലയം അറിയിച്ചു. റഷ്യയിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം നടത്തിവരികയാണെന്നും, ദുരന്തത്തിനിരയായ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
സിവിലിയൻ ജീവനക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. സമുദ്ര സഞ്ചാര സ്വാതന്ത്ര്യത്തിനും അന്താരാഷ്ട്ര വാണിജ്യത്തിനും നേരെ വർദ്ധിച്ചുവരുന്ന ഭീഷണികൾ ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണെന്ന് മന്ത്രാലയം വിലയിരുത്തി. അന്താരാഷ്ട്ര ബാധ്യതകൾ പാലിക്കാനും സമുദ്ര ഗതാഗതത്തിന്റെയും ആഗോള വാണിജ്യത്തിന്റെയും സുരക്ഷിതത്വം ഉറപ്പാക്കാനും ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ഇന്ത്യ ആവശ്യപ്പെട്ടു.
ജൂലൈ 19-ന് യുക്രേനിയൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട ‘എംവി ഗോൾഡൻ ലിയോ’ എന്ന ചരക്കുകപ്പലിന് നേരെ നടന്ന ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഈ സംഭവവും റിപ്പോർട്ട് ചെയ്തത്. ആ ആക്രമണത്തിൽ നാല് ഇന്ത്യൻ ജീവനക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. റഷ്യയും യുക്രെയ്നും തമ്മിൽ വീണ്ടും വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് നാവികരുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഈ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Attack on MV Omorphi ship in Russian waters: Indian citizen killed, says Ministry of External Affairs
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





