കൺസർവേറ്റീവ് നേതാവ് പിയറി പോളിയേവ് കോർപ്പറേറ്റ് നികുതി വെട്ടിപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. എൻ.ഡി.പി മുന്നോട്ടുവെച്ച വാഗ്ദാനത്തിന് സമാനമായ പ്രഖ്യാപനമാണിത്. എഡ്മന്റണിൽ സംസാരിക്കവെ, നികുതി വെട്ടിപ്പുകൾ നടത്തുന്ന കോർപ്പറേറ്റുകളെ ലക്ഷ്യമിട്ട് ഒരു ഫെഡറൽ ടാസ്‌ക് ഫോഴ്സും, കുറ്റവാളികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുന്ന ഒരു പട്ടികയും പുറത്തിറക്കുമെന്നും പോളിയേവ് അറിയിച്ചു. നികുതി വെട്ടിക്കുന്ന കമ്പനികളുടെ വിവരങ്ങൾ ഈ പട്ടികയിൽ ഉണ്ടാകും.
എഡ്മന്റൺ റാലിയിൽ 12,000 പേർ പങ്കെടുത്തുവെന്നും, ഇത് രാജ്യത്ത് രാഷ്ട്രീയപരമായ മാറ്റം ആഗ്രഹിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിൻ്റെ സൂചനയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്ത് മാറ്റം ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ തങ്ങൾക്കൊപ്പമുണ്ടെന്നും പോളിയേവ് കൂട്ടിച്ചേർത്തു.
മറ്റ് രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്. ഗ്രീൻ പാർട്ടി നേതാവ് എലിസബത്ത് മേ ആരോഗ്യരംഗത്തെ പാർട്ടിയുടെ നയങ്ങൾ അവതരിപ്പിച്ചു. അതേസമയം, ബ്ലോക്ക് ക്യുബെക്കോയിസ് നേതാവ് വൈവ്-ഫ്രാങ്കോയിസ് ബ്ലാഞ്ചെറ്റ് ഒട്ടാവയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു. ലിബറൽ നേതാവ് മാർക്ക് കാർണി യും എൻ.ഡി.പി നേതാവ് ജഗ്മീത് സിംഗ് എന്നിവർ ബ്രിട്ടീഷ് കൊളംബിയയിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.


