വാഷിങ്ടൺ : അമേരിക്കൻ സൈനിക ചരിത്രത്തിൽ ആദ്യമായി ചാവേർ ബോട്ട് ഡ്രോണുകൾ യുദ്ധരംഗത്ത് വിജയകരമായി ഉപയോഗിച്ചുകൊണ്ട് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഇറാനിലെ തന്ത്രപ്രധാനമായ നാവിക താവളത്തിന് നേരെ ശക്തമായ ആക്രമണം നടത്തി. ഇറാന്റെ ബന്ദർ അബ്ബാസ് നാവിക താവളത്തിലെ അന്തർവാഹിനിയും കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. മൂന്ന് ‘കോർസെയർ അൺമാൻഡ് സർഫസ് വെസലുകൾ’ തുറമുഖത്ത് പതിച്ചതായും, ഇത് വാണിജ്യ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷിയെ ഗണ്യമായി കുറച്ചതായും സെന്റകോം എക്സിലൂടെ (X) അറിയിച്ചു.
ആക്രമണത്തിന്റെ കൃത്യത വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ യുഎസ് സൈന്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. ആകാശത്തുനിന്നുള്ള നിരീക്ഷണ ദൃശ്യങ്ങളോടെ ആരംഭിക്കുന്ന വീഡിയോയിൽ, അതീവ വേഗതയുള്ള മൂന്ന് ഉപരിതല ഡ്രോണുകൾ ഇറാന്റെ നാവിക തുറമുഖത്തേക്ക് കുതിച്ചുയരുന്നതും അവയെ ചുവന്ന വൃത്തങ്ങൾ ഉപയോഗിച്ച് അടയാളപ്പെടുത്തിയതും കാണാം. തുടർന്ന് ഡ്രോണിലെ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളിൽ, അത് തുറമുഖത്തോടും നാവിക ഇൻഫ്രാസ്ട്രക്ചറുകളോടും അടുക്കുന്നതും വൻ സ്ഫോടനത്തോടെ വലിയ പുകപടലങ്ങൾ ഉയരുന്നതും വ്യക്തമാണ്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര ഇടനാഴികളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുകയായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം. കടലിടുക്കിന്മേൽ അധികാരം സ്ഥാപിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ പ്രതിരോധിച്ച്, ഹോർമുസ് പാത തുറന്നുതന്നെ സൂക്ഷിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കൂടാതെ, അമേരിക്ക ഹോർമുസിന്റെ രക്ഷാധികാരിയായി മാറുമെന്നും, ഈ തന്ത്രപ്രധാന മേഖലയിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകപ്പലുകൾക്കും സുരക്ഷ ഒരുക്കുന്നതിന് പകരമായി 20 ശതമാനം ഫീസ് ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയുടെ ഈ നീക്കങ്ങളെയും ട്രംപിന്റെ പ്രസ്താവനകളെയും ഇറാൻ ശക്തമായി തള്ളിപ്പറഞ്ഞു. തന്ത്രപ്രധാനമായ ഈ ജലപാതയ്ക്ക്മേൽ വാഷിംഗ്ടണിന് യാതൊരു അധികാരവുമില്ലെന്നും ഇറാന്റെ അനുമതിയില്ലാതെ കടന്നുപോകാൻ ശ്രമിക്കുന്ന അമേരിക്കൻ സേനയെ ശക്തമായി നേരിടുമെന്നും ഇറാന്റെ സംയുക്ത സൈനിക കമാൻഡ് മുന്നറിയിപ്പ് നൽകി. കൂടാതെ, അമേരിക്കയുമായി സഹകരിക്കുന്ന അയൽരാജ്യങ്ങളുടെ നടപടികൾ ഇറാനെതിരെയുള്ള യുദ്ധ പ്രഖ്യാപനമായി കണക്കാക്കുമെന്നും ടെഹ്‌റാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചതിനെ തുടർന്ന് ആഗോളതലത്തിൽ എണ്ണവിലയിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
‘Corsair’ drones destroy port; US gives Iran a strong blow
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





