ബാങ്കോക്ക്: തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ പ്രമുഖ പബ്ബായ ‘റോംഗ് ബീർ നാ ലാത് ഫാരോ’യിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 27 പേർ മരിക്കുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാരാന്ത്യ ആഘോഷങ്ങളുടെ ഭാഗമായി നിരവധി ആളുകൾ പബ്ബിൽ ഒത്തുകൂടിയ അർധരാത്രിയിലാണ് ദുരന്തം സംഭവിച്ചത്. കട്ട് ഓഫ് സ്വിച്ചിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ച തീ സെക്കന്റുകൾക്കുള്ളിൽ പബ്ബിലുടനീളം പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകട വിവരമറിഞ്ഞ് തായ്ലൻഡ് പ്രധാനമന്ത്രി അനുട്ടിൻ ചർൺവിരാകുൽ സ്ഥലം സന്ദർശിച്ചു.
തീ പടർന്നതോടെ പബ്ബിനുള്ളിൽ കനത്ത പുക ഉയരുകയും, ഇതോടെ പ്രാണരക്ഷാർത്ഥം ആളുകൾ പബ്ബിന്റെ പിൻഭാഗത്തേക്കും ശുചിമുറികളിലേക്കും ഓടിക്കയറുകയും ചെയ്തു. എന്നാൽ പുകയും തീയും ഇവിടങ്ങളിലേക്കും പടർന്നതാണ് മരണസംഖ്യ ഇത്രയധികം ഉയരാൻ കാരണമായത്. മരിച്ചവരിൽ ഭൂരിഭാഗം പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത് ശുചിമുറികളിൽ നിന്നാണ്. തീ പടരുന്നതിനിടയിൽ ബാറിൽ സ്ഫോടനങ്ങൾ ഉണ്ടായതായും ദൃക്സാക്ഷികൾ പറയുന്നു. ആളുകൾ ഭയന്നോടുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അഗ്നിശമന സേനയുടെ ഒന്നര മണിക്കൂറിലധികം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് പബ്ബിലെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. എന്നാൽ അതിനോടകം തന്നെ ഈ പ്രമുഖ വിനോദകേന്ദ്രം പൂർണ്ണമായി കത്തി ചാരമായിരുന്നു. അപകടത്തിൽ കാണാതായ ആളുകളുടെ കൃത്യമായ എണ്ണം ഇനിയും ലഭ്യമായിട്ടില്ലാത്തതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. നേരത്തെ 2022-ലും ബാങ്കോക്കിലെ ഒരു പബ്ബിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരണപ്പെട്ടിരുന്നു.
Massive fire breaks out at pub during party in Bangkok: 27 dead, 63 injured
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





