വാഷിങ്ടൺ: യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര-സൈനിക അസ്വാരസ്യങ്ങൾ പുതിയ തലത്തിലേക്ക്. തനിക്കെതിരെ വധശ്രമത്തിന് മുതിർന്നാൽ ഇറാനിലേക്ക് ആയിരം മിസൈലുകൾ പായിക്കുമെന്ന കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കിടെ ട്രംപിനെ വധിക്കാൻ പരസ്യമായ ആഹ്വാനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ രൂക്ഷപ്രതികരണം. ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്.
പ്രത്യാക്രമണത്തിനായി 1,000 മിസൈലുകൾ ഇതിനകം സജ്ജമാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ പ്രയോഗിക്കാൻ മറ്റ് ആയിരക്കണക്കിന് മിസൈലുകൾ വേറെയുമുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ വധഭീഷണിയുള്ളവരുടെ പട്ടികയിൽ താൻ ദീർഘകാലമായി ഒന്നാമതുണ്ടെങ്കിലും, നിലവിൽ ഉടനടി വധശ്രമം ഉണ്ടാകുമെന്ന തരത്തിലുള്ള രഹസ്യാന്വേഷണ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനെ ഒരു കാരണവശാലും ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ യുഎസ്, ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ ഫണ്ട് മാനേജർക്കും നിരവധി എക്സ്ചേഞ്ച് കമ്പനികൾക്കും മേൽ ഉപരോധം ഏർപ്പെടുത്തി.
അതേസമയം, അമേരിക്കയുടെ അവകാശവാദങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ട് ഇറാനും രംഗത്തെത്തിയിട്ടുണ്ട്. യുഎസുമായി ചർച്ചകൾ തുടരാൻ തങ്ങൾ ആവശ്യപ്പെട്ടെന്ന ട്രംപിന്റെ പ്രസ്താവന വ്യാജമാണെന്ന് ഇറാൻ വ്യക്തമാക്കി. നിലവിലുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ അതേ നാണയത്തിൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ താക്കീത് നൽകി. മിഡിൽ ഈസ്റ്റിൽ ഇരുരാജ്യങ്ങളും തമ്മിൽ വ്യോമാക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടന്നതിന് പിന്നാലെയാണ് ഈ പുതിയ വാക്പോര്.
If you try to kill me, I will fire 1,000 missiles; Trump tells Iran, will retaliate in kind
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





