11 ബില്യൺ ഡോളർ സഹായ പാക്കേജ്
കാനഡയിലെ ഒന്റാറിയോ സർക്കാർ, ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് ഭരണകൂടം ഏർപ്പെടുത്തിയ പുതിയ താരിഫുകളുടെ സാമ്പത്തിക ആഘാതത്തിൽ നിന്ന് ബിസിനസ്സുകളെ സംരക്ഷിക്കുന്നതിനായി തിരഞ്ഞെടുത്ത പ്രവിശ്യാ നികുതികൾ ആറുമാസത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചു. തങ്ങളുടെ സാമ്പത്തിക ഭാവിയെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രീമിയർ ഡഗ് ഫോർഡ് പ്രസ്താവിച്ചു. ബിയർ, വൈൻ, സ്പിരിറ്റ്സ് നികുതി, ഗ്യാസോലിൻ നികുതി എന്നിവ 2025 ഏപ്രിൽ 1 മുതൽ ഒക്ടോബർ 1 വരെ മാറ്റിവയ്ക്കും.
ഈ നീക്കം ഏകദേശം 9 ബില്യൺ ഡോളർ ബിസിനസ്സുകൾക്ക് ലഭ്യമാക്കുകയും അതുവഴി തൊഴിലവസരങ്ങൾ നിലനിർത്താനും നിലവിലെ സാമ്പത്തികപരമായ അനിശ്ചിതത്വങ്ങളെ അതിജീവിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, തൊഴിലാളികളെ നിലനിർത്താൻ സഹായിക്കുന്നതിനായി വർക്ക്പ്ലേസ് സേഫ്റ്റി ഇൻഷുറൻസ് ബോർഡ് (WSIB) വഴി ഒന്റാറിയോ 2 ബില്യൺ ഡോളറിൻ്റെ റിബേറ്റ് നൽകും. അർഹരായ ബിസിനസ്സുകൾക്ക് ഇത് പ്രയോജനകരമാകും.
CUSMA കരാറിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്റ്റീൽ, അലുമിനിയം, വാഹനങ്ങൾ തുടങ്ങിയ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം നികുതിയും വ്യാപാര മിച്ചമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം നികുതിയും യു.എസ്. സർക്കാർ ചുമത്തിയതിനെ തുടർന്നാണ് ഈ നടപടി. കാനഡ ഇതിന് മറുപടിയായി ചില പ്രത്യാക്രമണങ്ങൾ ഏർപ്പെടുത്തിയെങ്കിലും, പ്രാദേശിക വ്യവസായങ്ങളെ സംരക്ഷിക്കുക എന്നതാണ് ഒന്റാറിയോയുടെ ലക്ഷ്യം. അതിലൂടെ വലിയ സാമ്പത്തിക സമ്മർദ്ദത്തിൽ നിന്ന് വ്യവസായങ്ങളെ രക്ഷിക്കാൻ കഴിയുമെന്നും ഫോർഡ് വ്യക്തമാക്കി.



