ന്യൂ ബ്രൺസ്വിക്ക്: ന്യൂ ബ്രൺസ്വിക്കിലെ നഴ്സിങ് ഹോമുകളിലെ സുരക്ഷാ ആശങ്കകളെക്കുറിച്ച് പുറത്തുവന്ന പുതിയ പ്രവിശ്യാ റിപ്പോർട്ടിൽ ഭൂരിഭാഗം സ്ഥാപനങ്ങളും കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടുന്നതായി കണ്ടെത്തൽ. പ്രവിശ്യയിലെ 57 നഴ്സിങ് ഹോമുകളിൽ നടത്തിയ സർവേയിലാണ് ഈ വിവരമുള്ളത്. സുരക്ഷാ സംവിധാനങ്ങൾ ആധുനികവൽക്കരിക്കേണ്ടതുണ്ടെന്നും, അക്രമാസക്തരായ താമസക്കാരെയും സങ്കീർണ്ണമായ പെരുമാറ്റ വൈകല്യങ്ങളുള്ളവരെയും കൈകാര്യം ചെയ്യാൻ കൂടുതൽ പ്രോട്ടോക്കോളുകൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മുതിർന്ന പൗരന്മാരുടെ കാര്യത്തിൽ സമൂഹമെന്ന നിലയിൽ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്ന് ന്യൂ ബ്രൺസ്വിക്ക് അസോസിയേഷൻ ഓഫ് നഴ്സിങ് ഹോംസിന്റെ വിരമിക്കുന്ന എക്സിക്യൂട്ടീവ് ഡയറക്ടർ റിച്ചാർഡ് ലോസിയർ വ്യക്തമാക്കി.
സെന്റ് ജോണിലെ ലോച്ച് ലോമണ്ട് വില്ല നഴ്സിങ് ഹോമിൽ നടന്നതായി ആരോപിക്കപ്പെടുന്ന ലൈംഗിക അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ഇവിടെ 14 ലൈംഗിക അതിക്രമക്കേസുകളിൽ 69 കാരനായ കെവിൻ മഗ്രാത്ത് നിലവിൽ കുറ്റാരോപിതനാണ്. എന്നാൽ, പുറത്തുവന്ന റിപ്പോർട്ടിൽ കൃത്യമായ സമയപരിധിയോ ഉത്തരവാദിത്ത മാനദണ്ഡങ്ങളോ വ്യക്തമാക്കുന്നില്ലെന്ന് ന്യൂ ബ്രൺസ്വിക്ക് കോയലിഷൻ ഫോർ സീനിയേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ സെസിൽ കാസിസ്റ്റ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ അടിയന്തര പരിഹാരം കാണേണ്ട സമയമായെന്നും അവർ കൂട്ടിച്ചേർത്തു.
നോവ സ്കോഷ്യയിലെ പരിചരണ സമയത്തിന് തുല്യമായി രോഗീ പരിചരണ സമയം വർദ്ധിപ്പിക്കാൻ ന്യൂ ബ്രൺസ്വിക്ക് പ്രവിശ്യ എത്ര സമയമെടുക്കും എന്നതിൽ ആശങ്കയുണ്ടെന്ന് റിച്ചാർഡ് ലോസിയർ പറഞ്ഞു. പ്രവിശ്യയുടെ നിലവിലെ പദ്ധതികളനുസരിച്ച് മുന്നോട്ട് പോയാൽ ഇതിന് ഒരു പതിറ്റാണ്ട് കാലതാമസമെടുക്കുമെന്നും, നിലവിലെ താമസക്കാർക്ക് ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരും ആഴ്ചകളിൽ മേഖലയിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് സീനിയേഴ്സ് മന്ത്രി ലൈൻ ചാന്റൽ ബൗഡ്രോ അറിയിച്ചെങ്കിലും, കൃത്യമായ മാറ്റങ്ങൾ എപ്പോൾ നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. മുതിർന്ന പൗരന്മാർക്കായി കൂടുതൽ ശക്തവും സുരക്ഷിതവുമായ പരിചരണ സംവിധാനം നിർമ്മിക്കാൻ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
New Brunswick nursing home report: Organizations call for more safety measures and staffing
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





