സെന്റ് ജോൺ: ന്യൂ ബ്രൺസ്വിക്കിൽ വേനൽച്ചൂട് കടുത്തതോടെ തടാകങ്ങളിലും നദികളിലും വ്യാപകമായി വളരുന്ന ബ്ലൂ-ഗ്രീൻ ആൽഗകൾക്കെതിരെ (സയനോബാക്ടീരിയ) സർക്കാർ അടിയന്തര ആരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചൂട് കൂടുമ്പോൾ ജലാശയങ്ങളിൽ അതിവേഗം പടരുന്ന ഈ വിഷാംശമുള്ള പായലുകൾ മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും കന്നുകാലികൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് ആരോഗ്യവകുപ്പ് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ ആൽഗകളും അപകടകാരികളല്ലെങ്കിലും, ചില ഇനങ്ങൾ ഉൽപാദിപ്പിക്കുന്ന വിഷപദാർത്ഥങ്ങൾ ജീവന് തന്നെ ഭീഷണിയായേക്കാം.
ജലാശയങ്ങളുടെ ഉപരിതലത്തിൽ നീലയോ പച്ചയോ നിറത്തിലും, നദികളുടെ അടിത്തട്ടിൽ കറുപ്പോ തവിട്ടോ നിറത്തിലുള്ള മാറ്റുകളായും (ബെന്തിക് മാറ്റുകൾ) ഇവ കാണപ്പെടുന്നു. ഈ ആൽഗകൾ അടങ്ങിയ മലിനജലം കുടിക്കുകയോ ഇവ തിന്നുകയോ ചെയ്താൽ നായകൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്ക് മാരകമായ വിഷബാധയേൽക്കാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഇവ്സ് ലേജർ വ്യക്തമാക്കി. മനുഷ്യരിൽ ചർമ്മത്തിലെ ചൊറിച്ചിൽ, കണ്ണിനും തൊണ്ടയ്ക്കും ഉണ്ടാകുന്ന അസ്വസ്ഥതകൾ, വയറിളക്കം, ഛർദ്ദി എന്നിവയ്ക്ക് ഇത് കാരണമാകും. അതിനാൽ കുട്ടികളെയും വളർത്തുമൃഗങ്ങളെയും ഇത്തരം ജലാശയങ്ങളിൽ നിന്ന് അകറ്റി നിർത്തണമെന്നും, നദികളിലെ വെള്ളം നേരിട്ട് കുടിക്കരുതെന്നും നിർദേശമുണ്ട്.
നിലവിലെ സാഹചര്യത്തിൽ ജലാശയങ്ങളിലെ പരിശോധനകളും ശാസ്ത്രീയ ഗവേഷണങ്ങളും സർക്കാർ ശക്തമാക്കിയിട്ടുണ്ടെന്ന് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രി ഗില്ലസ് ലെപേജ് അറിയിച്ചു. ആൽഗകൾ എവിടെയെല്ലാമാണ് വളരുന്നത്, അവ ഏതൊക്കെ തരത്തിലുള്ള വിഷവസ്തുക്കളാണ് പുറപ്പെടുവിക്കുന്നത്, കാലാവസ്ഥാ വ്യതിയാനം ഇവയെ എങ്ങനെ സ്വാധീനിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഭാവിയിൽ ജലസ്രോതസ്സുകൾ സുരക്ഷിതമായി സംരക്ഷിക്കുന്നതിനും കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും ഈ പഠനങ്ങൾ സഹായകരമാകുമെന്നും അധികൃതർ വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Summer heat intensifies; New Brunswick government issues warning regarding blue-green algae.






