ഫ്രെഡറിക്ടൺ : സ്കൂൾ കായിക മത്സരങ്ങളിൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ ലംഘിച്ച് കളിക്കാരെ റിക്രൂട്ട് ചെയ്തതിനെത്തുടർന്ന് ന്യൂ ബ്രൺസ്വികിലുള്ള പ്രമുഖ ഹൈസ്കൂൾ ബാസ്കറ്റ്ബോൾ പരിശീലകന് വിലക്ക്. ഫ്രെഡറിക്ടൺ ഹൈസ്കൂളിലെ സീനിയർ ആൺകുട്ടികളുടെ ബാസ്കറ്റ്ബോൾ ടീം കോച്ചായ മൈക്കൽ കിംഗിനെയാണ് സ്കൂൾ സ്പോർട് ന്യൂ ബ്രൺസ്വിക് (SSNB) രണ്ട് സീസണുകളിൽ നിന്ന് സസ്പെൻഡ് ചെയ്തത്. മറ്റൊരു പ്രവിശ്യയിൽ നിന്ന് ഈ സ്കൂളിലേക്ക് ട്രാൻസ്ഫർ വാങ്ങി എത്തിയ വിദ്യാർത്ഥി കോച്ചിന്റെ വീട്ടിൽ താമസിച്ചതായി വിവരാവകാശ രേഖകളിലൂടെ പുറത്തുവന്ന അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചട്ടലംഘനം നടത്തിയതിന് ഫ്രെഡറിക്ടൺ ഹൈസ്കൂളിന് 1000 ഡോളർ പിഴയും അതോറിറ്റി ചുമത്തിയിട്ടുണ്ട്.
യൂണിവേഴ്സിറ്റി ഓഫ് ന്യൂ ബ്രൺസ്വിക് ടീമിൽ കിംഗിന്റെ സഹതാരമായിരുന്ന സുഹൃത്തിന്റെ അഭ്യർത്ഥനപ്രകാരമാണ് വിദ്യാർത്ഥി ഇദ്ദേഹത്തിന്റെ വീട്ടിൽ താമസമാക്കിയത്. എന്നാൽ ചട്ടങ്ങൾ ലംഘിച്ച് കളിക്കാരെ മറ്റ് സ്കൂളുകളിൽ നിന്ന് ആകർഷിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് അതോറിറ്റി ഈ നടപടി സ്വീകരിച്ചത്. മാതാപിതാക്കളോ നിയമപരമായ രക്ഷിതാക്കളോ അല്ലാത്ത കോച്ചുമാരുടെ കൂടെ ട്രാൻസ്ഫർ വിദ്യാർത്ഥികൾ താമസിക്കുന്നത് റിക്രൂട്ട്മെന്റ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സ്കൂൾ സ്പോർട് കാനഡ പ്രസിഡന്റ് ഷാമസ് ബോർഡൻ വ്യക്തമാക്കി. തുടർന്ന് സ്കൂൾ അധികൃതർ നൽകിയ അപ്പീലിന്മേൽ കോച്ചിന്റെ ശിക്ഷ 2025-2026 സീസണിലെ 15 മത്സരങ്ങളായി കുറയ്ക്കുകയും വിദ്യാർത്ഥിക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും സ്കൂളിന് ചുമത്തിയ 1000 ഡോളർ പിഴ നിലനിൽക്കുമെന്ന് ആംഗ്ലോഫോൺ വെസ്റ്റ് സ്കൂൾ ഡിസ്ട്രിക്റ്റ് വക്താവ് പോൾ മാക്ഇന്റോഷ് അറിയിച്ചു. കൂടാതെ കോച്ചിംഗ് സ്റ്റാഫിനും സ്കൂൾ ഭരണവിഭാഗത്തിനും 2025-2026, 2026-2027 സീസണുകളിൽ പ്രൊബേഷൻ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. സ്കൂൾ അധികൃതരുടെ പൂർണ്ണമായ അനുമതിയോടെയാണ് വിദ്യാർത്ഥിയെ താമസിപ്പിച്ചതെന്നും താൻ ചട്ടങ്ങൾ ബോധപൂർവ്വം ലംഘിച്ചിട്ടില്ലെന്നും മൈക്കൽ കിംഗ് കത്തിൽ വിശദീകരിച്ചു. കായികരംഗത്ത് എല്ലാ വിദ്യാർത്ഥികൾക്കും തുല്യമായ അവസരങ്ങൾ ഉറപ്പാക്കാനാണ് തങ്ങളുടെ ചട്ടങ്ങളെന്ന് സ്കൂൾ സ്പോർട് ന്യൂ ബ്രൺസ്വിക് പ്രസിഡന്റ് റോഡ്നി ബഗ്ഗി വ്യക്തമാക്കി.
Prominent Canadian basketball coach banned for player recruitment violations
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





