എവിയാൻ-ലെ-ബെയ്ൻസ്: ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഔദ്യോഗിക കൂടിക്കാഴ്ച ഇല്ലെങ്കിലും, 36 മണിക്കൂറിനിടെ എട്ട് തവണയോളം താൻ അനൗദ്യോഗിക ചർച്ചകൾ നടത്തിയതായി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. ട്രംപ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി മാത്രമാണ് ഔദ്യോഗിക ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തിയതെന്നും ഇതിൽ മറ്റ് നയതന്ത്ര അകൽച്ചകൾ ഒന്നുമില്ലെന്നും കാർണി മാധ്യമങ്ങളോട് പറഞ്ഞു.
ആഗോള സമ്പദ്‌വ്യവസ്ഥ, AI, യുക്രെയ്ൻ വിഷയം, അമേരിക്ക-ഇറാൻ സമാധാന കരാർ എന്നിവയായിരുന്നു ട്രംപുമായുള്ള ചർച്ചകളിലെ പ്രധാന ഉള്ളടക്കം. നിർദിഷ്ട ഇറാൻ സമാധാന കരാറിന്റെ പ്രാഥമിക രൂപരേഖ പ്രതീക്ഷ നൽകുന്നതാണെന്നും ഇതിന് കാനഡയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും കാർണി കൂട്ടിച്ചേർത്തു. കൂടാതെ ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കാനഡ നടപ്പിലാക്കിയ പുതിയ നികുതി പരിഷ്കരണങ്ങളെ ട്രംപ് അനുകൂലിച്ചതായും കാർണി വ്യക്തമാക്കി.
ഉച്ചകോടിയുടെ ഭാഗമായി കാനഡ-അമേരിക്ക വ്യാപാര ചർച്ചകൾ നടന്ന സാഹചര്യത്തിൽ, ജി7 നേതാക്കൾ വികസ്വര രാജ്യങ്ങളുടെ ധനസഹായം, കാൻസർ ഗവേഷണം, എബോള പ്രതിരോധം, മനുഷ്യക്കടത്ത് തടയൽ തുടങ്ങിയ വിഷയങ്ങളിൽ ആറ് സംയുക്ത പ്രസ്താവനകൾ പുറത്തിറക്കി. യുക്രെയ്ൻ പ്രതിസന്ധിക്കും അമേരിക്ക-ഇറാൻ സമാധാന കരാറിനും ജി7 കൂട്ടായ്മ തങ്ങളുടെ പിന്തുണ വീണ്ടും ആവർത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടാണ് യോഗം തുടരുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
G7l Mark Carney with busy diplomatic moves; spoke to Trump eight times in 36 hours










